
ഇടുക്കി: കോമ്പയാര്‍ ഏലയ്ക്ക സ്റ്റോറില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്പി (Kattappana Dysp) വിഎ നിഷാദ് മോന്റെ നേതൃത്വത്തില്‍ ഉള്ള അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സ്ഫോടനം( Blast). കോമ്പയാര്‍ റേഷന്‍ കടയ്ക്ക് എതിര്‍വശത്തുള്ള കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738 ല്‍ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ഗോള്‍ഡ് കാര്‍ഡമം ഡ്രയറിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനുവമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്‌ഫോടന വസ്തുക്കള്‍ യാതൊന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. എന്നാല്‍ ടിന്നര്‍, മണ്ണെണ എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നു. ഡ്രയര്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ അകത്തേക്ക് നിക്ഷേപിച്ച മണ്ണെണ്ണയും ടിന്നറും തീപിടത്തിന് കാരണമായി. ഇതിനെ തുടര്‍ന്ന് മുറിയില്‍ തങ്ങി നിന്ന വാതകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊട്ടിത്തെറി നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇത് ചെയ്ത വ്യക്തിയെ സംബന്ധിച്ച് ക്യത്യമായ വിവരം ലഭ്യമായിട്ടില്ല. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്ഫോടത്തിന് ശേഷം ഓടിയെത്തിയ ആളുകള്‍, സമീപവാസികള്‍, സ്ഥാപന ഉടമ, തൊഴിലാളികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായ മുറിയൂടെ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മദ്ധ്യപ്രദേശ് മാണ്ഡ്‌ല സ്വദേശിയായ രോഹിത് കുമാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. കെട്ടിടത്തിന്റെ നാല് ജനലുകളും ഉള്ളിലെ രണ്ട് കതകുകളും പുറത്തെ ഷട്ടറും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
ഷട്ടറിന് സമീപം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഉടമയുടെ കാറിന്റെ ചില്ല് ഷട്ടര്‍ വീണ് തകര്‍ന്നു. കാര്‍ഡമം പോളിഷിംഗ് മെഷീനിന്റെ ഒരുവശത്തിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ ജനലുകള്‍ തെറിച്ച് കോമ്പയാര്‍ ആറ്റില്‍ പതിച്ചു.. ഉഗ്രസ്‌ഫോടനം കേട്ട് ഉണര്‍ന്ന രോഹിത് കുമാര്‍ തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം സമീപവാസികള്‍ സ്ഥലത്തെത്തുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തു. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
മണ്ണെണ്ണയുടേയും ടിന്നറിന്റെയും സാന്നിദ്ധ്യതന്നെയാണോ സ്‌ഫോടന കാരണമെന്ന് വ്യക്തത വരുത്തുവാന്‍ ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ആ ഭാഗം കുഴിഞ്ഞ് താഴുകയും, ഭിത്തികള്‍ തകര്‍ന്ന് വിഴുകയോ വിണ്ടു കീറുകയോ ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ മറ്റേതെങ്കിലും വിധത്തിലുള്ള കെമിക്കല്‍ റിയാക്ഷനാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ഇത് കൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിണ്ടോയെന്നും അന്വേഷണസംഘം പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായി പരിശോധന നടത്തുന്നതിനായാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ നെടുങ്കണ്ടം സിഐ ബി.എസ് ബിനു അടങ്ങുന്ന അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരുന്നത്.