സിപിഎം നേതാവിന്റെ മകന്‍റെ ക്വാറിയില്‍ നിന്നും സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി

By Web TeamFirst Published Nov 6, 2019, 6:13 AM IST
Highlights

 പ്രാദേശിക സിപിഎം നേതാവിന്റെ മകനായ ആര്‍ മോഹനനന്റെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നിന്നുമാണ് സ്‌ഫോടക വവസ്തുക്കള്‍ കണ്ടെടുത്തത്.

ഇടുക്കി: രാജകുമാരി ഖജനാപ്പാറയില്‍ പാറമടയില്‍ നിന്നും  വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. പ്രാദേശിക സിപിഎം നേതാവിന്റെ മകനായ ആര്‍ മോഹനനന്റെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നിന്നുമാണ് സ്‌ഫോടക വവസ്തുക്കള്‍ കണ്ടെടുത്തത്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. പ്രദേശത്ത് അനധികൃത പാറകനനനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 

രാജകുമാരി ബൈസണ്‍വാലി റൂട്ടില്‍ ഖജനാപ്പാറയ്ക്ക് സമീപം  വന്‍തോതില്‍ പാറ ഖനനം നടക്കുന്നതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ക്വാറിയിലുണ്ടായിരുന്നവര്‍ ഹിറ്റാച്ചിയും കമ്പ്രസറും റോഡിന് നടുവില്‍ നിര്‍ത്തിയിട്ട്  ഓടി രക്ഷപ്പെടുകയും ചെയ്തു.  തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കാല്‍നടയായി പാറമടയിലെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 

ഇരുനൂറ്റി നാല്‍പ്പത്തിയേഴ് ജലാറ്റിന്‍ സ്റ്റിക്കുകളും, എഴുപത്തിയൊമ്പത് ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ രാജാക്കാട് പൊലീസിന് കൈമാറി. റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, രാജകുമാരി വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്.  

click me!