
തൃശൂര്‍: കൊടും ചൂടും കാലാവസ്ഥാ വ്യതിയാനവും മൂലം ജില്ലയിലെ കോള്‍നിലങ്ങളിലെ കൃഷി വന്‍ നഷ്ടത്തില്‍. പല പാടശേഖരങ്ങളിലും വിളവ് മുന്‍ വര്‍ഷത്തേക്കാള്‍ അമ്പത് ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അരിമ്പൂര്‍ പഞ്ചായത്തിലെ പത്തൊമ്പത് പാടശേഖരങ്ങളിലായി ഏകദേശം 3,200 ഏക്കറോളം കൃഷിയില്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഒരേക്കറിന് ഏകദേശം 30,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് രണ്ടു മേഖലകളായി തിരിച്ചാണ് ഏതാനും വര്‍ഷങ്ങളായി കൃഷി ഇറക്കുന്നത്.
രണ്ടാം മേഖലയില്‍ പെടുന്ന അരിമ്പൂരിലെ പാടശേഖരങ്ങള്‍ ഉള്‍പ്പെടെയുള്ള കോള്‍ നിലങ്ങളില്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ചില പാടശേഖരങ്ങളില്‍ നിന്നും ഒരേക്കറില്‍നിന്ന് മൂന്നര ചാക്ക് നെല്ല് മാത്രമാണ് ലഭിച്ചതെന്ന് അരിമ്പൂര്‍ സംയുക്ത കോള്‍ പാടശേഖര സമിതി സെക്രട്ടറി കെകെ അശോകന്‍ പറഞ്ഞു. കൃഷിയില്‍നിന്നും കര്‍ഷകരെ അകറ്റുന്ന വിധത്തിലുള്ള ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചതെന്നും കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ ഇതേ കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരേക്കറില്‍ നിന്നും ഏഴു ചാക്ക് നെല്ലു പോലും കിട്ടാത്ത അവസ്ഥയാണ്. നഷ്ടം ഭീമമായതിനാല്‍ നെല്ല് കൊയ്‌തെടുക്കാത്ത കര്‍ഷകരും ഉണ്ട്. കൃഷിചെയ്യാന്‍ നേരം വൈകിയതും വലിയ തോതില്‍ കീട ശല്യമുണ്ടായതും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ ബാധിച്ചിട്ടുണ്ടെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഇതില്‍ എന്തു കാരണത്താലാണ് കൃഷി നഷ്ടം സംഭവിച്ചതെന്നറിയാന്‍ കാര്‍ഷിക സര്‍വകലാശാല പഠനം നടത്തണമെന്നും അടുത്ത കൃഷിയിറക്കുന്നതിന് മുമ്പ് നഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തണ്ടു തുരപ്പന്‍, ഇല ചുരുട്ടി, ഓല ചുരുട്ടന്‍ എന്നിവ വലിയ രീതിയില്‍ കൃഷി നശിപ്പിച്ചു. നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ചെറിയ രീതിയിലെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നും കെ.കെ. അശോകന്‍ ആവശ്യപ്പെട്ടു.
കടുത്ത ചൂടിന് പുറമേ കീടബാധയും കവട്ട, വരിനെല്ല് തുടങ്ങിയ കളകളും ഇത്തവണ കൃഷിക്ക് തിരിച്ചടിയായി. കാര്‍ഷിക വിദഗ്ധരും കൃഷിവകുപ്പും നല്‍കിയ പരിഹാര മാര്‍ഗങ്ങളൊന്നും പ്രാവര്‍ത്തികമായില്ല. രാസവളങ്ങളുടെയും കീടനാശിനികളുടെയും കാലങ്ങളായുള്ള ഉപയോഗം മൂലം പാടത്തെ മണ്ണിന്റെ ഉര്‍വരതയും ഫലഭൂയിഷ്ഠതയും ഇല്ലാതായി. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിയിറക്കലും കൊയ്ത്തും രണ്ടുമാസത്തോളം വൈകിയ സാഹചര്യത്തില്‍ കടുത്ത ചൂടും വരള്‍ച്ചയും നെല്‍ച്ചെടികളെ ദോഷകരമായി ബാധിക്കുകയായിരുന്നു. വിത്തിന്റെ ഗുണമേന്മയും നെല്‍കൃഷിനാശത്തിന്റെ കാരണമായി. കൃഷിയില്‍ ദീര്‍ഘകാലത്ത അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാനവുമുള്ള കര്‍ഷകരെ അവഗണിച്ച് പരിചയ സമ്പത്തില്ലാത്ത ഇല്ലാത്ത ചില ഉദ്യോഗസ്ഥരെടുത്ത നിലപാടുകളും നെല്‍കൃഷിക്ക് ദോഷകരമായെന്നാണ് കര്‍ഷകര്‍ പറയുന്നത്.
'2026 നവംബർ 26ന് ഇന്ത്യ പല കഷണങ്ങളായി ചിതറും'; വിവാദ പ്രസ്താവനയുമായി പാക് മുൻ സെനറ്റർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam