
കൊച്ചി: സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 'പൊതു ഇടം എന്‍റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളമൊട്ടാകെ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. രാത്രി പതിനൊന്ന് മണി മുതല്‍ ഒരു മണി വരെയായിരുന്നു രാത്രി നടത്തത്തിനായി തെരഞ്ഞെടുത്ത സമയം. പൊലീസ് സംരക്ഷണത്തിന്‍റെ അകന്പടിയോടെയായിരുന്നു സ്ത്രീകള്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ ധൈര്യപ്പെട്ടത്. എന്നാല്‍ ഒരുമണി മുതല്‍ നടക്കാനിറങ്ങിയ സ്ത്രീകള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചാണ് ദിയ സനയും ജസ്ല മാടശ്ശേരിയും ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്.
പൊലീസ് സംരക്ഷണയില്‍ സുരക്ഷിതരായി നടന്നുനീങ്ങിയ സ്ത്രീകളുടെ നേരെ നോക്കാന്‍ പോലും ധൈര്യപ്പെടാത്തവര്‍ പൊലീസ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയ സമയത്ത് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അത്രയും നേരം സ്ത്രീകള്‍ക്ക് സംരക്ഷണ കവചം ഒരുക്കിയ പൊലീസിനെ നിരത്തിലെങ്ങും കാണുന്നില്ല. ഇവരെ പിന്തുടര്‍ന്ന് അശ്ലീല ഭാഷയില്‍ കമന്‍റടിച്ച് പലരും കടന്നു പോകുന്നുണ്ട്. കൂടാതെ 'ഈ രാത്രിയില്‍ ഇവര്‍ എവിടെ പോകുന്നു?' എന്ന അര്‍ത്ഥത്തിലുള്ള തുറിച്ചുനോട്ടങ്ങളെയും നേരിടുന്നുണ്ട്.
വാഹനങ്ങളില്‍ പിന്തുടര്‍ന്ന് കമന്‍റ് പറയുന്നവരുടെ കാറിന്റെ നമ്പർ ഉള്‍പ്പെടെ ദിയ സന ലൈവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. കലൂര്‍ സ്റ്റേഡിയം ഭാഗത്ത് തങ്ങളെ കണ്ട് നിര്‍ത്തിയിട്ട കാറിനുള്ളിലെ വ്യക്തി ഫോണ്‍ കണ്ട് അതിവേഗത്തില്‍ കാറോടിച്ച് പോകുന്നതും കാണാം.
രാത്രി സഞ്ചരിക്കേണ്ടി വന്നാല്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ ദയാ ഗായത്രിയും വീഡിയോയില്‍ വെളിപ്പെടുത്തുന്നു. എത്ര കാംപെയിൻ നടത്തിയാലും ആളുകളുടെ മനോഭാവത്തിൽ മാറ്റം വരാത്തിടത്തോളം കാലം സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധ്യമല്ലെന്ന് ഇവർ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam