പിഴ ഈടാക്കിയത് 2000, റസീപ്റ്റിൽ 250, ശക്തമായി ചോദ്യംചെയ്തപ്പോൾ തിരികെ നൽകി, മഞ്ചേരി എസ്ഐക്കെതിരെ ആരോപണം

By Web TeamFirst Published Feb 6, 2023, 11:12 PM IST
Highlights

വാഹന പരിശോധനക്കിടെ പൊല്യൂഷൻ സർട്ടഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഈടാക്കുകയും നൽകിയ റസീപ്റ്റിൽ 250 രൂപ മാത്രം രേഖപ്പെടുത്തിയതായി ആരോപണം.

മലപ്പുറം: വാഹന പരിശോധനക്കിടെ പൊല്യൂഷൻ സർട്ടഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഈടാക്കുകയും നൽകിയ റസീപ്റ്റിൽ 250 രൂപ മാത്രം രേഖപ്പെടുത്തിയതായി ആരോപണം.  'തെറ്റ്' ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലായി. റിട്ടയേർഡ് ഡി എഫ് ഒ ശംസുദ്ദീനാണ് പൊലീസിന്റെ പിടിച്ചുപറിയെ കുറിച്ചുള്ള അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പിഴയായി 2000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഇത് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ നൽകിയതാകട്ടെ 250 രൂപയുടെ റസീപ്റ്റ്. ഇത് ശക്തമായി ചോദ്യം ചെയ്തപ്പോൾ മാത്രം ബാക്കി 1750 രൂപ തിരികെ നൽകിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

ജനുവരി ഏഴാം തീയതിയാണ് സംഭവം. വാഹന പരിശോധന നടത്തിയ മഞ്ചേരി പൊലീസ് മകന്റെ വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ പിഴ ഈടാക്കി. മകൻ വിളിച്ച് പറഞ്ഞത് പ്രകാരം താനാണ് പണം അയച്ചുനിൽകിയത്. എന്നാൽ റസീപ്റ്റിൽ 250 രൂപ മാത്രം രേഖപ്പെടുത്തിയത് പിന്നീട് ശ്രദ്ധയിൽപെട്ടു. മകനോട് ചോദിച്ചപ്പോൾ 250 രൂപയുടെ റസീപ്റ്റ് മാത്രമേ നൽകുകയുള്ളൂ എന്നും ബാക്കി പൈസ സർക്കാറിലേക്ക് പോകുമെന്നും പൊലീസുകാർ പറഞ്ഞു എന്നായിരുന്നു മകന്റെ മറുപടി. തുടർന്ന് എസ്ഐമായി ബന്ധപ്പെട്ടപ്പോൾ, ദിവസങ്ങൾ കഴിഞ്ഞതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു മറുപടി. 

എന്നാൽ റിട്ടയേഡ് ഡിഎഫ്ഒ ആണെന്ന് അറിയിക്കുകയും നടപടി സ്വീകരിക്കുമെന്നും പറഞ്ഞപ്പോൾ മിനുട്ടുകൾക്കകം  1750 രൂപ തിരികെ നൽകുകയായിരുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്. സംഭവത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

പോസ്റ്റിന്റെ പൂർണ രൂപം:

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകൻ  ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഞ്ചേരി പോലീസ് ചെക്കിങ്ങിനു വേണ്ടി  കൈ കാണിച്ചു.
യാത്ര രേഖകൾ  പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ മകൻ എന്നെ ഫോൺ ചെയ്യുകയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാൻ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടിൽ നിന്ന്  വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ  അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തു.

ദിവസങ്ങൾക്കു ശേഷം മൊബൈലിൽ മെസ്സേജ് പരിശോധിക്കുമ്പോൾ പൊലൂഷൻ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈൻ അടക്കാൻ എന്തിനാണ് 2000 ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു ? അപ്പോൾ മകൻ പറഞ്ഞത് 250 രൂപയുടെ റസീറ്റ്  നൽകുകയുള്ളൂ, ബാക്കി പൈസ സർക്കാറിലേക്ക് ആണ്  (1750) എന്നാണ് പോലീസുകാർ പറഞ്ഞത് എന്ന് മകൻ അറിയിച്ചു.  ഉടനെ ഞാൻ മഞ്ചേരി എസ് ഐയുമായി ഫോണിൽ ബന്ധപ്പെട്ടു. 

Read more:ഒറ്റ ദിവസത്തെ പരിശോധന, 836 കേസുകൾ രജിസ്റ്റർ ചെയ്തു, മലപ്പുറത്ത് സാമൂഹിക വിരുദ്ധർക്ക് മൂക്കുകയറിട്ട് പൊലീസ്

കുറച്ചു ദിവസം മുമ്പ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു.
അപ്പോൾ ഉടൻതന്നെ  മകന്റെ മൊബൈലിൽ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീൻഷോട്ട് എസ്‌ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാൻ റിട്ടയേർഡ് ഡി എഫ്  ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിൾ പേ ചെയ്തു തന്നു. ഞാൻ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ഉടൻതന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോൾ തിരിച്ച് പൊലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോൾ മാന്യമായി സംസാരിച്ചു.  സാധാരണക്കാരന് എന്ന് നീതി പുലരും??

click me!