
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫിന്റെ രാജിയെത്തുടർന്ന് കോൺഗ്രസിൽ പടലപിണക്കം.10 യുഡിഎഫ് കൗൺസിലർമാർ കോൺഗ്രസ് അംഗത്വം രാജിവച്ചുകൊണ്ട് ഡിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി. തങ്ങളോട് ആലോചിക്കാതെ, ഡിസിസി നേതൃത്വം ചെയർമാനോട് രാജി വയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു എന്നാണ് രാജിക്ക് കാരണമായി കൗൺസിലർമാർ ഉന്നയിക്കുന്നത്.ചെയർമാൻ സ്ഥാനത്ത് നിന്നും തോമസ് ജോസഫ് രാജിവെച്ചതിന് പിന്നാലെയാണ്, കൗൺസിലർമാരിൽ പത്തുപേർ കോൺഗ്രസിൽ നിന്നും രാജി വെച്ചത്.
അതേസമയം ചെയർമാൻ സ്ഥാനം അടുത്ത ഒരു വർഷത്തക്ക് ഇല്ലിക്കൽ കുഞ്ഞുമോനു നൽകാനാണ് പാർട്ടി തീരുമാനം. 52 അംഗ കൗൺസിലിൽ, 21 പേരാണ് കോൺഗ്രസിനുള്ളത്.10 പേർ രാജി വയ്ക്കുകയാണെങ്കിൽ യുഡിഎഫിന് ഭരണം തന്നെ നഷ്ടപ്പെടും. കൗൺസിലർമാരായ രാജു താന്നിക്കൽ,മോളി ലൂയിസ്, സീനത്ത് നാസർ,കെ.എ.സാബു,ഐ.ലത,കെ.ജെ.നിഷാദ്,കരോളിൻ പീറ്റർ,ടി.പ്രദീപ് കുമാർ,കെ.ജെ.നിഷാദ്,സജേഷ് ചാക്കുപറമ്പ് എന്നിവരാണ് ഡിസിസി പ്രസിഡന്‍റ് എം.ലിജുവിന് പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി കാണിച്ച് കത്ത് നൽകിയത്.കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ അനുവാദം നർകണമെന്നും ഇവർ കത്തിൽ ആവശ്യം ഉന്നയിക്കുന്നു.
കഴിഞ്ഞ പാർലമെന്‍ററി മീറ്റിംഗിലാണ് ഇല്ലിക്കൽ കുഞ്ഞുമോനെ ചെയർമാനാക്കണമെന്ന തീരുമാനം തങ്ങളെ ആദ്യമായി അറിയിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിക്കുന്നു.നിലവിലെ ചെയർമാൻ തോമസ് ജോസഫിന് ശതാബ്ദി സ്മാരകത്തിന്‍റെ ഒരു നിലയെങ്കിലും പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിനായി ഒക്‌ടോബർ 2വരെ സമയം തരണമെന്ന് ഭൂരിപക്ഷം കൗൺസിലർമാരും ആവശ്യപ്പെട്ടിരുന്നതായും തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ഡിസിസി നേതൃത്വം തയാറായില്ലെന്നും കൗൺസിലർമാർ പരാതിപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam