കണ്ണൻദേവൻ മാനേജരുടെ ബംഗ്ലാവിന് തീ പിടിച്ചെന്ന് സന്ദേശം; പാഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കബളിപ്പിക്കപ്പെട്ടു

By Web TeamFirst Published Dec 9, 2018, 8:43 PM IST
Highlights

 ശനിയാഴ്ച  ഉച്ചയ്ക്കാണ് ഇടുക്കി നല്ലതണ്ണിയിലെ കണ്ണൻദേവൻ കമ്പനിയുടെ ബംഗ്ലാവിൽ തീപിടിച്ചെന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ഫയര്‍ഫോഴ്സിന്‍റെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. 

ഇടുക്കി: ശനിയാഴ്ച  ഉച്ചയ്ക്കാണ് ഇടുക്കി നല്ലതണ്ണിയിലെ കണ്ണൻദേവൻ കമ്പനിയുടെ ബംഗ്ലാവിൽ തീപിടിച്ചെന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ഫയര്‍ഫോഴ്സിന്‍റെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ സേനാംഗങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. 

മൂന്നാർ നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന സേനയുടെ ഓഫീസിലേക്ക് ശനിയാഴ്ച  ഉച്ചയ്ക്ക് 12.30-നാണ് കന്നിമലയിലെ കണ്ണൻദേവൻ കമ്പനി മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചുവെന്ന ഫോൺ സന്ദേശമെത്തിയത്. സേനയുടെ ചെറുതും വലുതുമായ രണ്ട് വാഹനങ്ങൾ സന്ദേശം കിട്ടിയ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. 

സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് അറിഞ്ഞത്. തുടർന്ന് ഓഫീസിലേക്ക് വിളിച്ച നമ്പരിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അഗ്നിരക്ഷാ സേന വിഭാഗത്തിലേക്ക് വിളിച്ച് കബളിപ്പിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയോ, 10,000 രൂപ പിഴയീടാക്കുകയോ ചെയ്യാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അധികാരികളെ വിവരമറിയിച്ചശേഷം നടപടികളെടുക്കുമെന്ന് സേനാംഗങ്ങൾ അറിയിച്ചു. 
 

click me!