
തിരുവനന്തപുരം: വെള്ളറടയില്‍ പമ്പില്‍ നിന്ന് പെട്രോള്‍ മണ്ണിനടയിലൂടെയെത്തി കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപണം. വെള്ളറട ആനപ്പാറയിലെ പമ്പില്‍ നിന്ന് പെട്രോളും, ഡീസലും സമീപത്തെ വീടുകളിലെ കിണറുകളിൽ മണ്ണിനിടയിലൂടെയെത്തി കുടിവെള്ളം മലിനമാക്കുന്നു എന്നാണ് ആരോപണം. ഇതിന് പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവർ പെട്രോൾ പമ്പ് ഉപരോധിച്ചു.
വെള്ളറട ആനപ്പാറ ഭാരത് പെട്രോളിയം പമ്പിലെ ശേഖരണ ടാങ്കിലെ പെട്രോളും, ഡീസലും ലീക്കാവുന്നെന്നാണ് പരാതി. പമ്പിന് സമീപത്ത് താമസിക്കുന്ന ഡേവിഡ്, രാജേന്ദ്രൻ, തൽഹത്ത്, സാഹിബ്, എന്നിവരുടെ വീടുകളിലെ കിണറുകളിലേക്കാണ് ഡീസലും പെട്രോളും മണ്ണിനടിയിലൂടെ എത്തുന്നത് എന്നാണ് പരാതി. നിരവധി തവണ പമ്പ് അധികാരികളെ വിവരം അറിയിച്ചെങ്കിലും പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് ആണ് കുടുംബാംഗങ്ങൾ ഇന്നലെ രാവിലെ പെട്രോൾ പമ്പിൽ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.
ഉപരോധത്തിന് പിന്നാലെ വാർഡ് മെമ്പർ കെ .ജി മംഗൾദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണലി ഷാജി, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി ചർച്ച നടത്തി. ഭാരത് പെട്രോളിയം അധികൃതരും പമ്പ് ഉടമയും പഞ്ചായത്തും ചേർന്ന് പുതിയ കുഴൽ കിണർ സ്ഥാപിച്ച് കുടിവെള്ളത്തിന് ശാശ്വത പരിഹാരം കണ്ടെത്താമെന്നുള്ള ഉറപ്പിൽ സമീപവാസികൾ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
സെപ്തംബർ മാസത്തിൽ മലപ്പുറം പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ ഇന്ധ ചോർച്ച പ്രദേശവാസികളുടെ വെള്ളം കുടി മുട്ടിച്ചിരുന്നു. ഡീസല്‍ ചോര്‍ച്ച വ്യക്തമായതോടെ 1.9 കിലോമീറ്റർ പരിധിയിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പരിയാപുരം ഫാത്തിമ മാതാ പള്ളിക്ക് സമീപത്തെ എസ്എച്ച് കോൺവെന്‍റിലെ കിണറ്റിൽ നിന്ന് തീ പടർന്നതോടെയാണ് ഡീസൽ ചോർച്ചയുടെ അപകടം നാട് തിരിച്ചറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam