മലപ്പുറം ഒഴൂരില്‍ ഒരു വീട്ടിലെ കിണറ്റില്‍ പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. പ്രദേശത്ത് രൂക്ഷമായ പന്നി ശല്യത്തെ തുടര്‍ന്ന് കൃഷിനാശവും അപകടങ്ങളും പതിവാണെന്നും ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മലപ്പുറം: ഒഴൂര്‍ അയ്യായ ഇല്ലത്തപ്പടിയില്‍ പന്നിയെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. ചക്കാലക്കല്‍ നാരായണന്റെ വീട്ടില്‍ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ പന്നിയെ കണ്ടെത്തിയത്. താനൂര്‍ ഫയര്‍ഫോഴ്‌സ് അധികൃതരെത്തി പന്നിയുടെ ജഡം പുറത്തെടുത്തു. ഇതിനു മുമ്പും ഇവിടെ പല കിണറ്റിലും പന്നി ചാടിയിട്ടുണ്ട്. നെല്‍കൃഷി വെറ്റില, കപ്പ, ചേമ്പ്, ചേന, വാഴ, തെങ്ങിന്‍ തൈകള്‍ തുടങ്ങിയവയെല്ലാം പന്നികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. പന്നി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഓട്ടോറിക്ഷക്ക് കുറുകെ പന്നി ചാടിയതിനെ തുടര്‍ന്ന് ഈയിടെ ഇവിടെ അപകടം സംഭവിച്ചിരുന്നു. നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.


