
കക്കോടി: കോഴിക്കോട് പൂവത്തൂർ സ്വദേശി ആത്മഹത്യ ചെയ്തത് ഡിവൈഎഫ്ഐക്കാരുടെ ഭീഷണിയെ തുടർന്നെന്ന് പരാതി. കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട തർക്കത്തിന‍്റെ പേരിൽ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് പൂവത്തൂർ സ്വദേശി ദിനേശന്‍റെ ആത്മഹത്യാ കുറിപ്പിലുള്ളത്. കക്കോടിയിൽ ശനിയാഴ്ചയാണ് 54കാരനായ ദിനേശന്‍ ആത്മഹത്യ ചെയ്തത്. എന്നാൽ ആരോപണം ഡിവൈഎഫ്ഐ നേതാക്കൾ നിഷേധിച്ചു.
വെള്ളിയാഴ്ച ദിനേശന്‍റെ വീടിന്‍റെ അടുത്തുളള പാലം കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട് അടയ്ക്കുന്നതിൽ ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. പാലം ഒഴിവാക്കി വഴിയടക്കണമെന്ന് സ്ഥലത്തെത്തിയ ആർആർടി അംഗങ്ങളായ ഡിവൈഎഫ്ഐ പ്രവർത്തകരോട് ദിനേശൻ ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ദിനേശനെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസിക വിഷമത്തിലായ ദിനേശൻ തൂങ്ങി മരിക്കുകയും ചെയ്തെന്നാണ് പരാതി. ദിനേശന്‍റെ ആത്മഹത്യാക്കുറിപ്പിൽ ഭീഷണിപ്പെടുത്തിയവരുടെ പേരുൾപ്പെടെ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇക്കാര്യം നിഷേധിക്കുകയാണ് ഡിവൈഎഫ്ഐ നേതാക്കൾ. പാലം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പൊലീസിനോട് പറയണമെന്നാണ് നിർദ്ദേശിച്ചത്. അല്ലാതെ തർക്കമോ ഭീഷണിയോ ദിനേശനുമായി ഉണ്ടായിട്ടില്ലെന്നും പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നു. അത്താണി നഷ്ടപ്പെട്ട വേദനയിലാണ് ദിനേശന്‍റെ കുടുംബം. ഭാര്യയും ഒരു മകനുമുള്ള ദിനേശൻ ടൈലുമായി ബന്ധപ്പെട്ട പണിയെടുത്താണ് ജീവിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam