
പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ വീടുകയറി ആക്രമണം നടത്തിയ മൂന്നുപേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളി സ്വദേശികളായ ആനന്ദ് (21), എം.ജി. അജിത്ത് (36), അശ്വിൻദേവ് (26) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഓഗസ്റ്റ് 14-ന് വൈകുന്നേരമാണ് സംഭവം. അടൂർ പെരിങ്ങനാട് സ്വദേശി ഗിരീഷ് എന്നയാളും, അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കുമാണ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റത്. ഉച്ചത്തിൽ പാട്ടുവെച്ചത് ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഇവരുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.
ഗിരീഷിന്റെ വലതുകൈയിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിച്ചു. ഇത് തടയാൻ ശ്രമിച്ച അമ്മ ഗീതയെ അജിത്ത് പിവിസി പൈപ്പ് ഉപയോഗിച്ച് തലയുടെ ഇടതുഭാഗത്ത് അടിച്ച് മുറിവേൽപ്പിച്ചു. അച്ഛൻ രാജനെയും പ്രതികൾ കൂട്ടംചേർന്ന് മർദ്ദിച്ചു. കൂടാതെ ഗിരീഷിനെ തള്ളി താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഗിരീഷ് രാത്രി തന്നെ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അടൂർ ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിൻ്റെ മേൽനോട്ടത്തിലും പൊലീസ് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതികളെ ഉടൻ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam