
പൊന്നാനി: പെരുന്നാൾ ദിനത്തിലും ഈശ്വരമംഗലത്തെ വാടക ക്വാർട്ടേഴ്‌സിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു എട്ട് അംഗങ്ങളുള്ള കുടുംബം. ഇത് മൂന്നാം തവണയാണ് ഇവർ ക്വാറൈന്റനിൽ പ്രവേശിക്കുന്നത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആശുപത്രിയിലെത്തിയവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ആദ്യം ക്വാറൈന്റനിൽ കഴിയേണ്ടി വന്നത്.
അതിന് ശേഷം നഗരസഭയിൽ നടന്ന പരിശോധനയിൽ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീണ്ടും ക്വാറന്റൈനിലായി. ഏറ്റവുമൊടുവിൽ കൊവിഡ് മുക്തനായി വീട്ടിലെത്തിയ ബന്ധുവിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം തവണയും ഈ കുടുംബം ക്വാറൈന്റനിൽ കഴിയേണ്ട അവസ്ഥയിലായി.
നഗരസഭയിലെ പത്താം വാർഡ് വൊളന്റിയർമാരാണ് ഇവർക്ക് ആവശ്യമായ സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്. ഈശ്വരമംഗലത്തുള്ള ബന്ധുവിനാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
മഞ്ചേരിയിലെ ചികിത്സയ്ക്കു ശേഷം കോവിഡ് മുക്തനായി വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഇയാളുടെ ഭാര്യയുടെ കോവിഡ് പരിശോധനാ ഫലം വരുന്നത്. കൊവിഡ് പോസിറ്റീവായതിനാൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ബന്ധുക്കളെല്ലാം ക്വാറൈന്റനിൽ പോകേണ്ടി വരികയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam