
പാലക്കാട്: തൃത്താലയിലെ മാധ്യമപ്രവർത്തകരുടെ ഇടപെടലും തൃത്താല പൊലീസിൻ്റെ കരുതലും മാനസിക നിലതെറ്റി അലഞ്ഞ് നടന്ന യുവാവിൻ്റെ പ്രതീക്ഷയറ്റ ജീവിതത്തിന് തുണയാവുകയാണ്. വർഷങ്ങളോളം തെരുവിൽ അലഞ്ഞ യുവാവിനെ ഒടുവിൽ നാല് വർഷത്തിന് ശേഷം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കൊടും വിശപ്പിന്റെ ആകുലതയിൽ മാനസിക നില തെറ്റി ഓർമ്മ നശിച്ച് തെരുവിൽ കഴിയേണ്ടിവരികയും ഒടുവിൽ തൃത്താലയിലെ മാധ്യമപ്രവർത്തകരുടെ ഇടപെടലിലൂടെ കുമരനല്ലൂർ സ്‌നേഹാലയത്തിൽ അഭയം കണ്ടെത്തുകയും ചെയ്ത യുവാവിനാണ് ഒടുവിൽ സ്വന്തം കുടുംബത്തിന്റെ തണൽ ലഭിച്ചത്. നാല് വർഷം മുമ്പ് കാണാതായ മകനെ തേടിയെത്തിയ മാതാപിതാക്കൾ, കണ്ണീരോടെയും ആശ്വാസത്തോടെയും മകനെ തിരിച്ചറിഞ്ഞു. ശ്രീകൃഷ്ണപുരം മംഗലാംകുന്ന് കാട്ടുകുളം നീലൻചിറ വീട്ടിൽ വാസുവിൻ്റെയും അനിതയുടെയും മകനായ 30 വയസുകാരൻ സന്ദീപ് ആണ് ഈ നിർണായക കണ്ടെത്തലിലൂടെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് കുന്നംകുളം കേച്ചേരി ഭാഗത്ത് വെച്ച് വിശപ്പു സഹിക്കാനാവാതെ തെരുവുനായയുടെ പച്ചയിറച്ചി കഴിക്കുന്ന അവസ്ഥയിലുള്ള സന്ദീപിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട് പലരും സഹതാപം പ്രകടിപ്പിച്ചെങ്കിലും ഈ മനുഷ്യനെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാൻ ആരും മുന്നോട്ടുവന്നില്ല. എന്നാൽ തൊട്ടടുത്ത ദിവസം മേഴത്തൂർ റോഡിലൂടെ അവശനിലയിൽ നടന്നുപോവുകയായിരുന്ന സന്ദീപിനെ തൃത്താലയിലെ മാധ്യമപ്രവർത്തകർ കണ്ടെത്തി തിരിച്ചറിയുകയായിരുന്നു. ഉടൻതന്നെ തൃത്താല പൊലീസുമായി സ്ഥലത്തെത്തിയ ശേഷം ഭക്ഷണവും കുടിവെള്ളവും നൽകി. തുടർന്ന് സന്ദീപിനെ കുമരനല്ലൂരിലെ 'സ്‌നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിലേക്ക്' മാറ്റുകയുമായിരുന്നു.
ഈ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കാണാതായ മകനെക്കുറിച്ച് വാസുവിനും അനിതയ്ക്കും വിവരം ലഭിക്കുന്നത്. ബുധനാഴ്ച രാവിലെയോടെ സ്‌നേഹാലയത്തിൽ എത്തിയ മാതാപിതാക്കൾ സന്ദീപിനെ കണ്ട് തിരിച്ചറിഞ്ഞതോടെ വികാരാധീനരായി. മാനസിക നില തെറ്റിയ അവസ്ഥയിലാണെങ്കിലും അമ്മയെ കണ്ട സന്ദീപും മകനെ തിരികെ കിട്ടിയ സന്തോഷത്തിൽ അമ്മ അനിതയും പരസ്പരം സ്നേഹചുംബനങ്ങൾ കൈമാറിയത് കണ്ടുനിന്നവർക്കും നൊമ്പരവും സന്തോഷവും പകർന്നു.
കാട്ടുകുളം സ്‌കൂളിൽ പത്താം ക്ലാസ് വിജയിച്ച സന്ദീപ് പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും പിന്നീട് മാനസിക നില തെറ്റുകയായിരുന്നു. ഇതോടെ ഇടക്കിടെ വീട്ടിൽനിന്ന് സന്ദീപ് ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോവും. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം നിശബ്ദനായി തിരികെ വരും. ഇത്തരത്തിൽ ഒരിക്കൽ ഇറങ്ങിപ്പോയ സന്ദീപ് പിന്നെ തിരികെ വീട്ടിലെത്തിയില്ല. മകനെ തേടി മാതാപിതാക്കളുടെ ഒരുപട് സ്ഥലങ്ങളിൽ മാസങ്ങളോളം തിരഞ്ഞ് നടന്നുവെങ്കിലും കണ്ടെത്താനായില്ല. പിന്നിട്ട നാല് വർഷവും സന്ദീപിനായുള്ള തിരച്ചിലിലായിരുന്ന കുടുംബത്തിന്, തൃത്താലയിലെ മാധ്യമപ്രവർത്തകരുടെ കൃത്യസമയത്തെ കണ്ടെത്തലും തൃത്താല പൊലീസിൻ്റെ മികച്ച സഹകരണവുമാണ് ഒടിവിൽ മകനിലേക്കുള്ള വഴികാട്ടിയായത്. ബുധനാഴ്ച കാലത്ത് ഒൻപതുമണിയോടെ മാതാപിതാക്കളായ വാസുവും അനിതയും മകനെ കാണാനായി കുമരനല്ലൂരിലെ സ്‌നേഹാലയത്തിൽ എത്തുകയായിരുന്നു.
മാനസിക നില തെറ്റി ഓർമ്മകൾ നഷ്‌ടമായ സന്ദീപിനെ വിദഗ്ധ ചികിത്സകൾക്ക് വിധേയനാക്കാനാണ് ഈ മാതാപിതാക്കളുടെ തീരുമാനം. മകനെ കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകർക്കും തുണയായി നിന്ന പൊലീസിനും തങ്ങളുടെ തീർത്താൽ തീരാത്ത കടപ്പാടുകൾ അറിയിക്കാനും ഈ മാതാപിതാക്കൾ മറന്നില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam