​കരൾരോ​ഗം ബാധിച്ച് ​ഗൃഹനാഥൻ മരിച്ചു; ഏകവരുമാനം പെട്ടിക്കട; കടക്കെണിയിലായി കുടുംബം

By Web TeamFirst Published Jan 12, 2023, 1:11 PM IST
Highlights

കരൾ സംബന്ധമായ രോഗം ബാധിച്ചു 3 മാസം മുൻപു മനോജ് വിടപറഞ്ഞപ്പോൾ വിനയയ്ക്ക് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെട്ടിക്കടയിട്ടു നൽകി. പെട്ടിക്കടയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിലാണ് 5 അംഗ കുടുംബം കഴിയുന്നത്. 

കുട്ടനാട്: മറ്റുള്ളവർക്ക് നിരവധി വീടുകൾ നിർമ്മിച്ച് നൽകിയെങ്കിലും സ്വന്തം വീട് നഷ്ടമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ ഈ കുടുംബം. കൈനകരി പഞ്ചായത്ത് 4–ാം വാർഡിൽ കളരിയിൽ വീട്ടിൽ കെ. എം. മനോജിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. കരൾ സംബന്ധമായ അസുഖം ബാധിച്ച് 3 മാസം മുമ്പാണ് മനോജ് മരണപ്പെട്ടത്. അതോടെ  പറക്കമുറ്റാത്ത 2 മക്കളും പ്രായമായ അമ്മമാരും ഭാര്യ വിനയയും ദുരിതത്തിലായി. 

മേസ്തിരി പണിക്കാരനായിരുന്ന മനോജ് 14 വർഷം മുൻപാണു വീടുകൾ കരാർ എടുത്തു നിർമിച്ചു നൽകാൻ തുടങ്ങിയത്. 2018 ലെ പ്രളയവും തുടർന്നു വന്ന കോവിഡും സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതോടെ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കാൻ പലിശയ്ക്കു വായ്പയെടുക്കേണ്ടി വന്നു. കരാർ ഏറ്റെടുത്തു ഏറെ നാളുകൾക്കുശേഷം പല കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയാക്കേണ്ടി വന്നതോടെ ചെലവു കൂടിയതു കടബാധ്യത വർധിപ്പിച്ചു. 

ആകസ്മികമായി മനോജ് വിട പറഞ്ഞപ്പോൾ ഭാര്യ വിനയയ്ക്ക് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെട്ടിക്കടയിട്ടു  നൽകി. പെട്ടിക്കടയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിലാണ് 5 അംഗ കുടുംബം കഴിയുന്നത്. ഇതിനിടെ മനോജിനു കടം നൽകിയവർ പണം ചോദിച്ച് എത്താൻ തുടങ്ങിയതു കുടുംബത്തിന്റെ താളം തകർത്തിരിക്കുകയാണ്. പലിശയടക്കം ലക്ഷങ്ങളാണു പലർക്കായി കൊടുത്തു തീർക്കാനുള്ളത്. 14 വർഷത്തിനിടെ ഒട്ടേറെ വീടുകൾ നിർമിച്ചു നൽകിയെങ്കിലും 2018 ലെ പ്രളയത്തിൽ തകർന്ന സ്വന്തം വീടു നന്നാക്കാൻ മനോജിനായില്ല. പ്രളയ സഹായമായി ഒന്നേകാൽ ലക്ഷം രൂപ ലഭിച്ചത് വിനിയോഗിച്ചു പഴയ വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഏതാനും നാളുകൾക്കകം ജീർണാവസ്ഥയിലായ വീട് പൊളിച്ചു നീക്കേണ്ടി വന്നു. 

വീടു നിർമിക്കാൻ 4 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നു അനുവദിച്ചെങ്കിലും പ്രളയ സഹായമായി ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ ഒഴിവാക്കിയുള്ള തുകയെ ലഭിക്കൂ എന്നറിഞ്ഞതോടെ വീടിന്റെ നിർമാണം നടത്താനും സാധിച്ചില്ല. ഇപ്പോൾ മനോജിന്റെ സഹോരന്റെ പഴയ വീട്ടിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്. ഡിഗ്രി വരെ പഠനം പൂർത്തിയാക്കിയ വിനയ പെട്ടിക്കടയിൽ നിന്നുള്ള വരുമാനത്തിനൊപ്പം കൂലിപ്പണി ചെയ്തും കുടുംബം പുലർത്താൻ തയാറാണ്. എന്നാൽ ഭർത്താവിന്റെ കടബാധ്യത തീർക്കാനും പൊളിച്ചിട്ട വീട് പുനർ നിർമിക്കാനും തന്നെക്കൊണ്ടു സാധിക്കുമെന്ന് വിനയയ്ക്ക് ഒരു ഉറപ്പുമില്ല. സുമനസ്സുകളുടെ സഹായമുണ്ടായാൽ മാത്രമേ കടബാധ്യത ഒരുവിധം തീർത്ത് ചെറിയൊരു വീടു നിർമിക്കാൻ സാധിക്കൂ.

 

click me!