
കൊച്ചി: എറണാകുളം അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തിന്‍റെ മാനസിക പീഡനമാരോപിച്ച് കുടുംബം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും തന്നെ സംശയിക്കുന്ന ആണ്‍സുഹൃത്തിനെ കുറിച്ച് ജിനിയ കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയ കൂട്ടുകാരിയുമായി നടത്തിയ ആശയ വിനിമയങ്ങളെല്ലാം.
'ഒരു കോള് പോലും ബിസിയാകാൻ പാടില്ല, ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയും, എനിക്ക് മടുത്തെടീ. ആ കിടന്നുറങ്ങനതാണ് ഞാൻ, അതിന്‍റെ ബാക്കിൽ ഒരു മനുഷ്യനെ പോലെ കാണുന്നു എന്നാണ് പറയുന്നത്. അത് ശരിക്കും ഒരു മനുഷ്യനെപ്പോലെ തോന്നിക്കണോടീ. ഇവൻ വന്ന ശേഷം എന്‍റെ ലൈഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല, ഗേൾസ് പോലുമില്ല'-എന്നാണ് ജിനിയ തന്‍റെ കൂട്ടുകാരിക്ക് അയച്ച ഓഡിയോ സന്ദേശം. അങ്കമാലിയിലെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായിരുന്ന ജിനിയ ജോസ് എന്ന ഇരുപത്തിയൊന്നുകാരിയെ ഈ മാസം ഏഴാം തീയതിയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിനു പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ജിനിയ ജോലി ചെയ്യുന്ന ലാബില്‍ ചെന്നുപോലും ആണ്‍സുഹൃത്ത് മര്‍ദിച്ചിട്ടുണ്ടെന്ന കാര്യം കുടുംബം അറിഞ്ഞത് ജിനിയയുടെ മരണത്തിനു ശേഷം മാത്രമാണ്. രാവിലെ സന്തോഷത്തോടെയാണ് മകൾ വീട്ടിൽ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി എന്‍റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു. മോളെ ആരാണ് തല്ലിയത്, എന്താനാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അറിയണം. അതിനാണ് പൊലീസിൽ പരാതി നൽകിയതെന്ന് ജിനിയയുടെ പിതാവ് ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്റെ മോൾ ആരെയും ചീത്ത പറയുകയോ, വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ആളല്ല. പിന്നെ എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് ഒരാൾ ആക്രമിച്ചതെന്ന് അറിയണം- പിതാവ് പറയുന്നു.
ആരോപണവിധേയനായ യുവാവും ജിനിയയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന കാര്യം അങ്കമാലി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ജിനിയയുടെ കുടുംബം ആരോപിക്കുന്നതു പോലുളള മാനസിക പീഡനം യുവാവില്‍ നിന്ന് ജിനിയ നേരിട്ടിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്. ജിനിയ ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആരോപണ വിധേയനായ യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന വിവരവും പൊലീസിനുണ്ട്. കുടുംബത്തിന്‍റെ പരാതിയുടെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam