
അമ്പലപ്പുഴ: പട്ടയമായി ലഭിച്ച മൂന്ന് സെന്‍റ് ഭൂമി എവിടെയെന്നറിയാതെ ഒരു കുടുംബം. കൈമലര്‍ത്തി അധികൃതര്‍. വാടക്കല്‍ തൈവെളിയില്‍ മോഹനനും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നത്. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്ന മോഹനന്‍ മകളുടെ വിവാഹാവശ്യത്തിനായാണ് കളര്‍കോട് തൂക്കുകുളത്തുണ്ടായിരുന്ന വീടും സ്ഥലവും 11 വര്‍ഷം മുമ്പാണ് വിറ്റത്. അന്ന് മുതല്‍ വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്.
ഇദ്ദേഹത്തിന്‍റെ മകന്‍ ഷൈമോന്‍ മത്സ്യത്തൊഴിലാളിയായതിനാല്‍ 2016 ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ 2016 മാര്‍ച്ച് ഒന്നിന് 3 സെന്‍റ് സ്ഥലം അനുവദിച്ചു കൊണ്ട് പട്ടയം കൈമാറി. അമ്പലപ്പുഴ തഹസീല്‍ദാരാണ് ഇത് നല്‍കിയത്. എന്നാല്‍ ബ്ലോക്ക് നമ്പര്‍ 21 ഉം സര്‍വേ നമ്പര്‍ 123/2 മായ സ്ഥലം ഏതെന്ന് ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് സ്ഥലം അനുവദിച്ചതെങ്കിലും കൃത്യമായ പ്ലോട്ട് കാണിച്ച് കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വന്നതിനാല്‍ വസ്തുവിന്‍റെ കരമടക്കാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുമായി പുറക്കാട് വില്ലേജില്‍ ചെന്നെങ്കിലും സ്ഥലത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ധാരണയുമില്ല. തുടര്‍ന്ന് താലൂക്കില്‍ നിന്ന് വസ്തുവിന്‍റെ സ്‌കെച്ച് വാങ്ങി വില്ലേജില്‍ ഹാജരാക്കിയിട്ടും പ്രയോജനമുണ്ടായില്ല.
ഇനി ഇതിനായി കയറിയിറങ്ങാത്ത ഓഫീസുകള്‍ ഇല്ലെന്നാണ് ഷൈമോന്‍ പറയുന്നത്. മണ്ണുംപുറം കോളനിയില്‍ സ്ഥലം അനുവദിച്ച 16 കുടുംബങ്ങള്‍ കരമടച്ച് രസീത് കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കുടുംബത്തിന് മാത്രം ഇപ്പോഴും സ്ഥലം ലഭ്യമാക്കിയിട്ടില്ല. ഇരു വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായ ഷൈമോന്‍ ഭാര്യ സൗമ്യ, മക്കളായ ആരതി, ആരോമല്‍ എന്നിവര്‍ക്കും പിതാവ് മോഹനനുമൊപ്പം വാടക വീട്ടിലാണ് താമസം.
ഇപ്പോള്‍ വാടക കൊടുക്കാന്‍ പോലും കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബം. മകന്‍ ആരോമലിന്‍റെ ശസ്ത്രക്രിയയ്ക്കായും നല്ലൊരു തുക ചെലവഴിക്കേണ്ടിവന്നു. പട്ടയമായി ലഭിച്ച ഭൂമി കണ്ടെത്തുകയാണെങ്കില്‍ ഇവിടെ ഒരു ചെറിയ കൂരയെങ്കിലും നിര്‍മിക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ കാത്തിരിക്കുകയാണ് ഈ കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam