2019ലെ നെഹ്റു ട്രോഫിക്കായി ഉണ്ടാക്കിയ കരാർ പാലിച്ചില്ല, സെന്റ് ജോർജ് ചുണ്ടൻ വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും ജപ്തി ചെയ്തു

Published : Sep 16, 2025, 11:46 AM IST
st george snake boat confiscated

Synopsis

വള്ളം മാലിപ്പുരയിൽ നിന്നു മാറ്റിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ തിരികെയെത്തിച്ച് ജപ്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. സെന്റ് ജോർജ് ചുണ്ടൻ വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും ജപ്തി ചെയ്തു

മങ്കൊമ്പ്: ഭരണസമിതി ക്ലബ്ബുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്ന് സെന്റ് ജോർജ് വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോർജ് ചുണ്ടൻവള്ള ഭരണസമിതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബുമായുണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ആലപ്പുഴ സിവിൽ കോടതിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് അകമ്പടിയോടെ കോടതി ജീവനക്കാർ വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും ജപ്തി ചെയ്തു. വള്ളം മാലിപ്പുരയിൽ നിന്നു മാറ്റിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ തിരികെയെത്തിച്ച് ജപ്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. മാലിപ്പുര കവാടത്തിൽ കോടതി ഉത്തരവ് പതിപ്പിച്ച ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. വള്ളവും സ്ഥാപനത്തിന്റെ ജംഗമവസ്തുക്കളും കോടതിയുടെ അധീനതയിലാണെന്നും അതിക്രമിച്ചു കടന്നാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാലിപ്പുരയിൽ തിരിച്ചെത്തിച്ച് ജപ്തി

2019-ലെ ആലപ്പുഴ നെഹ്‌റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനായി ക്രിസ്ത്യൻ യൂണിയനും ഭരണസമിതി ക്ലബ്ബും തമ്മിലുണ്ടായ കരാറാണ് തർക്കത്തിനു തുടക്കമായത്. ചെക്ക് നൽകി കബളിപ്പിച്ചുവെന്നാണ് ക്ലബ്ബിന്റെ ആരോപണം. എന്നാൽ, യൂണിയൻ ഭാരവാഹികളുടെ കള്ള ഒപ്പിട്ട് ചെക്കുമാറാൻ ശ്രമിച്ചതായി മറുവിഭാഗവും ആരോപിച്ചു. വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം കഴിഞ്ഞ മാസമാണ് ക്ലബ്ബിന് അനുകൂലമായി കോടതിവിധി വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്