
ചാരുംമൂട്: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കർഷകൻ മരിച്ച സംഭവത്തിൽ പുത്തൻചന്ത 9-ാം വാർഡ് ചരുവിളയിൽ ജോൺസണെ നൂറനാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു എന്നതാണ്. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയിൽ വീട് തകർന്ന് വീണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായിട്ടുമുണ്ട്. കാസർകോട് കുമ്പളയിൽ കെട്ടിടത്തിന്‍റെ ഇരുമ്പ് മേൽക്കൂര ശക്തമായ കാറ്റിൽ തകർന്ന് റോഡിലേക്ക് വീണു. പത്തനംതിട്ടയിൽ മരം വീടിന് മുകളിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മലയോര മേഖലകളിൽ മഴ തുടരുകയാണ്. അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശികളായ മരക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്ക് പരുക്കേറ്റു. രണ്ട് പേരുടെയും നില ഗുരുതരമല്ല.
കോഴിക്കോട് മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ തിരയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രതയിലാണ്. കോഴിക്കോട് ബീച്ചിൽ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷന്റെ ഗ്ലാസ് തകർന്നു. മാറാട് വെസ്റ്റ് മാഹിയിൽ രാവിലെ ചുഴലിക്കാറ്റടിച്ചു. മരങ്ങൾ കടപുഴകി വീണു. തൂണേരിയിൽ ബഡ്‌സ് സ്കൂളിന് മുകളിൽ മൺതിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകർന്നു. വയനാട്ടിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെട്ടെങ്കിലും ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ചയുണ്ടായി. കണ്ണിന് ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിൽ ആണ് ചോർച്ചയുണ്ടായത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ശസ്ത്രക്രിയ മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എട്ടുപേർക്കാണ് ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എല്ലാം മാറ്റിവച്ചു. എറണാകുളം കണ്ണമാലിയിലും ചെറിയകടവിലും കടലാക്രമണത്തിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. വേലിയേറ്റം ശക്തമായതോടെ തോപ്പുംപടി - ചെല്ലാനം തീരദേശ റോഡ് പലയിടങ്ങളിലും മുങ്ങി. നാശനഷ്ടങ്ങൾ തുടരുമ്പോഴും സർക്കാർ നടപടിയെടുക്കാത്തതിൽ തീരദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam