
കല്‍പ്പറ്റ: ഈര്‍ക്കില്‍ ഉപയോഗിച്ചുള്ള കരവിരുതില്‍ വിമസ്മയങ്ങള്‍ തീര്‍ത്ത് വയനാട്ടിലെ യുവകര്‍ഷകന്‍. സുല്‍ത്താന്‍ത്താന്‍ബത്തേരിക്കടുത്ത് നാഗരംചാലില്‍ വാഴക്കണ്ടി ഗോപാലകൃഷ്ണന്‍ എന്ന ബാബുവാണ് ഈര്‍ക്കില്‍ ഉപയോഗിച്ച് അമ്പരപ്പിക്കുന്ന സാമ്യതയോടെ ക്ഷേത്രവും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്.
15 വര്‍ഷം മുമ്പ് നേരംപോക്കിന് വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് ഇത്രയും മാതൃകകളെന്നാണ് ബാബു പറയുന്നത്. ഈര്‍ക്കിള്‍ നിര്‍മ്മാണങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്തയാണ് ബാബുവിന് കരകൗശലത്തിന് പ്രചോദനമായതത്രേ. അന്ന് നാട്ടിലെ തിരുവണ്ണൂര്‍ ക്ഷേത്രത്തിന്റെ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. രണ്ട് നിലകളുള്ള ആ ക്ഷേത്രത്തിന്റെ മാതൃക തന്നെ നിര്‍മിക്കാമെന്ന് ചിന്തിച്ചത് അങ്ങനെയായിരുന്നുവെന്ന് ബാബു പറഞ്ഞു.
അതേ സമയം വയനാട്ടില്‍ കൂടുതല്‍ ഈര്‍ക്കില്‍ ലഭ്യമാകാത്തതും കൃഷിത്തിരക്കും കുടുംബജീവിതവുമൊക്കെയായപ്പോള്‍ പിന്നീട് നിര്‍മ്മാണങ്ങള്‍ ഒന്നും നടത്തിയില്ലെന്ന് ഇദ്ദേഹം പറയുന്നു. നിര്‍മ്മാണങ്ങള്‍ക്കെല്ലാം കൃത്യമായ അളവിനും മറ്റുമായി ആദ്യം പേപ്പറില്‍ മാതൃക വരഞ്ഞെടുക്കും. വേണ്ട ഈര്‍ക്കിലുകള്‍ ശേഖരിച്ചതിന് ശേഷം ഇവ ചികീ വൃത്തിയാക്കും. പിന്നീട് എല്ലാം ഒട്ടിച്ച് ചേര്‍ക്കും. ചൂടുള്ള എണ്ണയില്‍ മുക്കിയെടുത്താണ് ഈര്‍ക്കിലുകള്‍ വളക്കുന്നത്.
അതിനാല്‍ ഇവ പൊട്ടാതെ നമുക്ക് വേണ്ട രീതിയില്‍ അനായാസം വളച്ചെടുക്കാന്‍ ആകുമെന്ന് ബാബു പറഞ്ഞു. വസ്തുക്കള്‍ പ്രാണികള്‍ കുത്തി നാശമാകാതിരിക്കാന്‍ വാര്‍ണിഷ് അടിച്ചാണ് സൂക്ഷിക്കുന്നത്. ഇത്രയും ഭംഗിയായും കൃത്യതയോടെയും നിര്‍മ്മിച്ച സാധനങ്ങളൊന്നും തന്നെ വില്‍ക്കാന്‍ ബാബുവിന് ഇഷ്ടമല്ല. തന്റെ ആത്മസംതൃപ്തിക്ക് വേണ്ടി ഉണ്ടാക്കിയതിനാല്‍ അവ ഭദ്രമായി സൂക്ഷിച്ചുവെക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ചിത്രകലകൂടി വഴങ്ങുന്നതിനാല്‍ നിര്‍മ്മാണങ്ങളെല്ലാം എളുപ്പമായിരുന്നു ബാബുവിന്.
കൃഷിയേക്കാൾ താല്‍പ്പര്യം ഇതൊക്കെയാണെങ്കിലും നല്ലൊരു കൃഷിക്കാരന്‍ കൂടിയാണ് ഈ 45 കാരന്‍. ചേന, നേന്ത്രവാഴ, നെല്ല്, ഇഞ്ചി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പുരയിടത്തില്‍ ഒരു വശത്തായി കോഴിവളര്‍ത്തലും ബാബു ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam