
കട്ടപ്പന: ഇടുക്കി കരുണാപുരത്ത് കാട്ടു പന്നിയെ പിടികൂടാൻ വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലിൽ ഷാജിയെന്ന് വിളിക്കുന്ന വർഗീസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കെണിയിൽ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും എത്തിയപ്പോഴാണ് വർഗീസ് ഷോക്കേറ്റ് മരിച്ചത്.
നടന്നു പോകുന്നതിനിടെ കാൽ വഴുതി കമ്പിയിലേക്ക് വീണപ്പോൾ ഷോക്കേറ്റതാണെന്നാണ് കരുതുന്നത്. കേരള തമിഴ്നാട് അതിർത്തിയിലെ വനത്തോട് ചേർന്നാണ് സ്ഥലം. വനത്തിൽ നിന്നെത്തുന്ന കാട്ടുപന്നിയെ പിടികൂടാൻ നൂറു മീറ്ററോളം നീളത്തിൽ കമ്പി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ചാണ് വർഗീസ് കെണിയൊരുക്കിയിരുന്നത്. പറമ്പിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും വർഗീസിനെ കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കള്‍ കെഎസ്ഇബിയിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇലക്ട്രിക്ക് ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാൽ മോഷണത്തിന് കേസെടുക്കാൻ കെഎസ്ഇബി പോലീസിന് പരാതി നൽകും.
Read More : 'അത് സാധാരണ മരണമല്ല, കൊലപാതകം, കഴിക്കുന്ന പ്ലേറ്റിലേക്ക് പഴയ ഭക്ഷണം ഇട്ടു, അടിയായി'; മേസ്തിരി പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam