
ഇടുക്കി: കേരളം നാടുകടത്തിയ അരിക്കൊമ്പന് ഇടുക്കി കഞ്ഞിക്കുഴിയിൽ സ്മാരകം. അരിക്കൊമ്പന്‍റെ 8 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി - കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു. തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുൻപിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പൻ പ്രതിമ നിർമിച്ചത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശിൽപം നിര്‍മ്മിച്ചത്.
ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചായിരുന്നു പ്രതിമ നിർമാണം. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഒരു വർഷം മുൻപായിരുന്നു പണി ആരംഭിച്ചത്. അരിക്കൊമ്പനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരകം നിർമാണത്തിനു തുടക്കമിട്ടതെന്നു ബാബു പറയുന്നു. അഞ്ചു വർഷം മുൻപ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി സവാരി നടത്തിയിരുന്ന അരിക്കൊമ്പൻ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം മികച്ച വിളവ് കിട്ടി. പാട്ടക്കരാർ തീർന്നതോടെ ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൊമ്പന്റെ പ്രതിമ നിർമിക്കുന്നതിനു തീരുമാനിച്ചത്.
അരിക്കൊമ്പനെ പിടിക്കണമെന്നും താപ്പാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന കാലത്തായിരുന്നു പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്. അരിക്കൊമ്പൻ നാട്ടാന ആകുമെന്ന വിശ്വാസത്തിൽ ചങ്ങലയൊക്കെ അണിയിച്ചായിരുന്നു നിർമാണം. ഇപ്പോൾ അജ്ഞാതമായ കാട്ടിലൂടെ തന്റെ കുടുംബ ത്തെയും കുട്ടികളെയും തേടി അലഞ്ഞു നടക്കുന്ന ഗജരാജനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്നാണ് പല ഭാഗത്തും നിന്നും ഉയരുന്ന ആവശ്യം. ഈ സാഹചര്യത്തിലാണ് തന്റെ അരിക്കൊമ്പനെ പണി പൂർത്തിയാക്കി മോടിയായി ബാബു പ്രദർശിപ്പിച്ചത്. എന്തായാലും ബാബുവിന്റെ അരിക്കൊമ്പനെ കാണാനും സമീപത്തു നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേർ തള്ളക്കാനത്ത് എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam