മലമ്പുഴ അണക്കെട്ടിലെ വെള്ളം വ്യവസായങ്ങൾക്ക് വിട്ടു നൽകുന്നതിനെതിരെ കർഷകർ

By Web TeamFirst Published Oct 24, 2018, 8:09 PM IST
Highlights

കഞ്ചിക്കോട്ടെക്കുളള  കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ പാലക്കാടൻ കാർഷിക മേഖലക്ക് വൻ തിരിച്ചടിയാകുമെന്നാണ് കർഷകരുടെ പരാതി.

പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ വെളളം നിയന്ത്രണമില്ലാതെ വ്യവസായ മേഖലക്ക് വിട്ടുകൊടുക്കാൻ നീക്കം നടക്കുന്നെന്നാരോപിച്ച്  കർഷകർ ജലവിഭവ വകുപ്പ്  എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. 

കഞ്ചിക്കോട്ടെക്കുളള  കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ പാലക്കാടൻ കാർഷിക മേഖലക്ക് വൻ തിരിച്ചടിയാകുമെന്നാണ് കർഷകരുടെ പരാതി.പാലക്കാട്ടെ കാർഷികമേഖലയുടെ പ്രധാന ആശ്രയം മലമ്പുഴ അണക്കെട്ടാണ്. ഒപ്പം നിരവധി പഞ്ചായത്തുകളിലേക്കുളള കുടിവെളള സ്രോതസ്സും മലമ്പുഴയാണ്. നിലവിൽ ദിവസവും 5 കോടി ലിറ്റർ വെളളമാണ് വ്യാവസായിക ആവശ്യങ്ങൾക്കായി മലമ്പുഴയിൽ നിന്നും വിട്ടുകൊടുക്കുന്നത്. കുടിവെളളത്തിനായി 4.5 കോടി ലിറ്ററും നൽകുന്നുണ്ട്. 

കാർഷിക മേഖലക്ക് ആവശ്യമായതിന്റെ 70 ശതമാനത്തോളം വെളളം നൽകാനേ മലമ്പുഴക്ക് ആകുന്നുളളൂ. ഈ  സാഹചര്യത്തിലാണ് കഞ്ചിക്കോട്ടേക്കുളള കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കെതിരെ വ്യാപക എതിർപ്പുയരുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ദിവസവും 9 കോടിലിറ്റർ വെളളമെങ്കിലും വ്യവസായമേഖലക്ക് വേണ്ടിവരുമെന്നാണ് കണക്ക്.  

കാർഷികാവശ്യത്തിന് മുൻഗണന നൽകിയ ശേഷം വ്യവസായ മേഖലക്ക് വെളളം നൽകിയാൽ മതിയെന്ന ഹൈക്കോടതി നിർദ്ദേശം പോലും ജല വിവഭവ വകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. നിലവിൽ വ്യവസായ മേഖലക്കുളള വെളളം കൃത്യമായി അളന്നു നൽകുന്നില്ലെന്നും അനുവദിച്ചതിനേക്കാൾ ജലചൂഷണം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരും  കിൻഫ്ര വ്യവസായ മേഖലയിലെ കമ്പനികളും തമ്മിലുളള രഹസ്യധാരണയുടെ പുറത്താണ് ജലചൂഷണമെന്നാണ് കർഷകരുടെ ആരോപണം.

click me!