യൂണിയനുകളുടെ അപ്രമാധിത്വം; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂട്ടരാജി

By Web TeamFirst Published Oct 24, 2018, 3:42 PM IST
Highlights

യൂണിയനുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോനില തകര്‍ക്കുന്നെന്ന് പരാതി. സ്വസ്ഥമായി ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ പലരും മാനസിക സമ്മര്‍ദ്ദത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഇലക്ട്രിസിറ്റി വകുപ്പുകളിലാണ് യൂണിയന്‍ ഭരണത്തിനെതിരെ ആക്ഷേപങ്ങളുയരുന്നത്. ഓഫീസുകളില്‍ കയറിചെല്ലാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ വഷളാകുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

തൃശൂര്‍: യൂണിയനുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോനില തകര്‍ക്കുന്നെന്ന് പരാതി. സ്വസ്ഥമായി ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ പലരും മാനസിക സമ്മര്‍ദ്ദത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഇലക്ട്രിസിറ്റി വകുപ്പുകളിലാണ് യൂണിയന്‍ ഭരണത്തിനെതിരെ ആക്ഷേപങ്ങളുയരുന്നത്. ഓഫീസുകളില്‍ കയറിചെല്ലാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ വഷളാകുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

തൃശൂരില്‍ ഗവ.മെഡിക്കല്‍ കോളജിലെ ആശുപത്രി സൂപ്രണ്ടുള്‍പ്പടെ മൂന്ന് മേധാവികള്‍ രാജി വച്ചാണ് യൂണിയന്‍ ഭരണത്തിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്രണ്ട് ഡോ.ആര്‍ ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ്, ആര്‍.എം.ഒ ഡോ.സി.പി മുരളി എന്നിവരാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസിന് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ആരുടെയും രാജി സ്വീകരിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അമിത രാഷ്ട്രീയ ഇടപെടല്‍ മൂലം ആശുപത്രിയില്‍ പോലും സ്വതന്ത്രമായ ഇടപെടല്‍ നടത്താനാവാത്ത സാഹചര്യമാണിവിടെയെന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ ഭരണാനുകൂല ഗസറ്റഡ് സംഘടനാ ലോബിയുടെ ഇടപെടലുകളാണ് തങ്ങളുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് ആരോപണം. ഉന്നതരുടെ കൂട്ടരാജിയോടെ മെഡിക്കല്‍ കോളജിലെ ഇതര ജീവനക്കാരിലും ഇടയിളക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 
ആരോഗ്യവകുപ്പിനുപുറമെ, വിദ്യഭ്യാസ വകുപ്പാണ് ഇടതു സര്‍ക്കാരിന് മാനക്കേടുണ്ടാക്കും വിധം ഉദ്യോഗസ്ഥ ഭരണം വളരുന്നത്. 

മന്ത്രിക്കുപോലും നിശ്ചയമില്ലാത്ത പോലെ വിദ്യഭ്യാസ രംഗത്തെ ഓരോ മേഖലയിലും വകുപ്പനുകൂല സംഘടനയുടെ ഇടപെടല്‍ ശക്തമായിരിക്കുകയാണ്. സമഗ്ര ശിക്ഷാ അഭിയാന്‍ രംഗമാണ് യൂണിയന്‍ നേതാക്കള്‍ വിഹാരകേന്ദ്രമാക്കിയിരിക്കുന്നത്. യൂണിയനെ അംഗീകരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന നേതാക്കള്‍ പേടിസ്വപ്‌നമാണെന്ന് അധ്യാപികമാരും പരാതിപ്പെടുന്നു. സാലറി ചലഞ്ചിന്റെ പേരില്‍ വലിയ ഭീഷണിയാണ് പലര്‍ക്കും നേരിടേണ്ടി വന്നത്. സംഘടനാ നേതാക്കളായ അധ്യാപകര്‍ ഡയറക്ടറേറ്റിലെ ഉന്നതരെയടക്കം ഭരിക്കുന്ന വിചിത്രതയാണ് ഈ രംഗത്ത്. എഇഒമാരുള്‍പ്പടെ യൂണിയന്‍ നേതാക്കളായ പ്രൈമറി അധ്യാപകരെ ഭയക്കുന്ന സ്ഥിതിവിശേഷം.

തദ്ദേശസ്വയം ഭരണവകുപ്പിലും വ്യവസായ വകുപ്പിലും ഇത്തരം പ്രതിസന്ധികളുണ്ട്. തദ്ദേശ വകുപ്പില്‍ യൂണിയന്‍ ഭരണത്തില്‍ അസ്വസ്തരായി നീണ്ട അവധിയെടുത്ത ഉദ്യോഗസ്ഥര്‍ ഏറെയാണ്. വ്യവസായ വകുപ്പിലും വൈദ്യുതി വകുപ്പിലുമെല്ലാം ഇതര യൂണിയനുകളില്‍പ്പെട്ടവര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. ഇടതു മുന്നണിയെ അംഗീകരിക്കുന്ന മറ്റു സംഘനടകള്‍ പോലും വല്യേട്ടന്മാരുടെ ഭീഷണിയെ നേരിടാന്‍ കെല്പില്ലാതെ അടിമത്വത്തെ അംഗീകരിക്കുകയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

click me!