കനാൽ അടച്ചു റോഡിന്‍റെ ഭിത്തി നിർമിച്ചു; കർഷകർ പ്രതിഷേധത്തിൽ

By Web TeamFirst Published Dec 28, 2018, 10:20 PM IST
Highlights

മാന്നാർ-വള്ളക്കാലി-വീയപുരം റോ‍ഡു നിർമാണത്തിന്റെ ഭാഗമായിട്ടാണ് പാവുക്കര കോടാകേരിൽ പുത്തൻപറമ്പിലെ കാച്ചിന പടാരത്തിൽ ഭാഗത്താണ് കനാൽ അടച്ചു വെള്ളമൊഴുക്കു തടഞ്ഞത്. 

മാന്നാർ: കനാൽ അടച്ചു റോഡിന്റെ ഭിത്തി നിർമിച്ചതിനെതിരെ കർഷകർ പ്രതിഷേധത്തിൽ. മാന്നാർ-വള്ളക്കാലി-വീയപുരം റോ‍ഡു നിർമാണത്തിന്റെ ഭാഗമായിട്ടാണ് പാവുക്കര കോടാകേരിൽ പുത്തൻപറമ്പിലെ കാച്ചിന പടാരത്തിൽ ഭാഗത്താണ് കനാൽ അടച്ചു വെള്ളമൊഴുക്കു തടഞ്ഞത്.

താമരവേലിപ്പടിക്കു വടക്കുള്ള പമ്പാനദിയുടെ തീരത്തു മോട്ടോർ സ്ഥാപിച്ചു മൈനർ ഇറിഗേഷന്റെ ചെറിയ കനാൽ വഴി ഇടപ്പുഞ്ച പടിഞ്ഞാറ്, കിഴക്കു പാടശേഖരങ്ങളിലേക്കു വർഷങ്ങളായി വെള്ളമെത്തിച്ചിരുന്ന കനാൽ ഭാഗം കെട്ടിയടച്ചതു കാരണം ഇക്കുറി പാടത്തേക്കു പമ്പയിൽ നിന്നും ഒരു തുള്ളി വെള്ളം പോലുമെത്തില്ല. 

കഴിഞ്ഞ വർഷം മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ഹരിതകേരളം പദ്ധതിയിൽ പെടുത്തി ഈ കനാൽ വിപുലീകരിക്കുന്നതിനു പദ്ധതിയിട്ടു എസ്റ്റിമേറ്റു വരെ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഈ പാടങ്ങളിൽ വെള്ളമെത്താത്ത സാഹചര്യത്തിൽ ഈ പദ്ധതി തന്നെയില്ലാതാകുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 

റോഡു നിർമാണ വേളയിൽ അധികൃതരോടു കർഷകരും ഈ വാർഡിലെ പഞ്ചായത്തംഗം അജീഷ് കോടാകേരിൽ നേരിട്ടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. അന്താരാഷ്ട്ര നിലവാരത്തിൽ ടാറിങും നടത്തിയതിനാൽ ഇതിനി കുത്തി പൊളിക്കുന്നതിനും വലിയ പ്രയ്നം വേണ്ടി വരും. പാടത്തേക്കുള്ള കനാൽ അടച്ച നടപടിയിൽ പാടശേഖരസമിതിവും കർഷകരും പ്രതിഷേധത്തിലാണ്. 

click me!