
കോഴിക്കോട്: ലോക്ക്ഡൌണ്‍ കാലത്ത് വിഷമില്ലാത്ത പച്ചക്കറികള്‍ ആവശ്യക്കാരിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ഫാര്‍മേഴ്‌സ് റീട്ടെയില്‍ ഔട്ട്‌ലെറ്റ്. ബാലുശേരി ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് ഔട്ട്ലെറ്റ് തുടങ്ങിയിരിക്കുന്നത്. ജീവനി സഞ്ജീവനി എന്ന പേരിലാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എട്ട് കൃഷിഭവനുകളുടെയും കീഴില്‍ വരുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ പച്ചക്കറികളാണ് സംഭരിച്ച് വില്‍പന നടത്തുന്നത്.
ലാഭമല്ല, മറിച്ച് വിഷമില്ലാത്ത പച്ചക്കറികള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് വലിയ കാര്യമെന്ന് ഇവിടെ പച്ചക്കറികള്‍ എത്തിക്കുന്ന കര്‍ഷകനായ ജനാര്‍ദനന്‍ പറയുന്നു. ബാലുശ്ശേരി കൃഷിഭവന്റെ സഹായത്തോടെ കാര്‍ഷിക കര്‍മസേനയാണ് കോവിഡ്19 പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിപണനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘത്തിന്റെ ജൈവ കൃഷിയിലെ പച്ചക്കറികളാണ് കേന്ദ്രത്തിലേക്ക് ആദ്യമായി സംഭരിച്ചത്. ബാലുശ്ശേരി ടൗണില്‍ ആരംഭിച്ച ഔട്ട്‌ലെറ്റിലെ പച്ചക്കറി വില്‍പന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കോറോണക്കാലം ഉപയോഗപ്രദമായി വിനിയോഗിച്ചാല്‍ എല്ലാവര്‍ക്കും വിഷമില്ലാത്ത ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ നശിച്ചുപോവാതെ വിപണനം നടത്താന്‍ ഇത്തരം യൂണിറ്റുകള്‍ വഴി സാധിക്കുമെന്നും കൃഷി ഓഫീസര്‍ വിദ്യ പറഞ്ഞു.
കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതിയായ ജീവനിയില്‍ ബാലുശ്ശേരി കൃഷിഭവന് കീഴില്‍ നിരവധി കര്‍ഷകരും സംഘങ്ങളും ആണ് പച്ചക്കറി കൃഷി നടത്തുന്നത്. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാര്‍ഷികവിളകള്‍ നശിച്ചുപോകും എന്ന സാഹചര്യത്തിലാണ് ജീവനി സഞ്ജീവനി പദ്ധതി നടപ്പിലാക്കുന്നത്. കൃഷിക്കാരന്റെ തോട്ടത്തില്‍ വിറ്റഴിക്കാന്‍ ആവാതെ വരുന്ന ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് ഔട്‌ലെറ്റുകള്‍ വഴി വില്‍പ്പന നടത്താന്‍ സാധിക്കും. വെണ്ട, ചീര, വെള്ളരി, മത്തന്‍, വാഴക്കുലകള്‍ തുടങ്ങിയവ പച്ചക്കറികളാണ് ഔട്ട്‌ലെറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam