
കൽപ്പറ്റ: കുടിവെള്ളത്തിനായി കാലങ്ങളായി നെട്ടോട്ടമോടുന്നവരാണ് വയനാട് തലപ്പുഴ പൊയിൽ കോളനിവാസികൾ. സമീപത്തെ പുഴയുടെ അരികിൽ കുഴിക്കുന്ന ചെറിയ കുഴികളിൽ നിന്നാണ് കോളനിയിലെ 6 കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നാരായണനും കുടുംബവും. കുടിവെള്ളത്തിനായി നാരായണൻ കിണർ സ്വയം കുഴിച്ചു. കല്ലുകൾ കൊണ്ട് കെട്ടി മനോഹരമാക്കിയ കിണർ കണ്ടാൽ ആരും അതിശയിക്കും.
മകൾ അനിതയുടെ സഹായത്തോടെയാണ് വീടിനോട് ചേർന്ന് നാരയണൻ സ്വന്തമായി കിണർ കുത്തി തുടങ്ങിയത്. മാസങ്ങൾക്കകം തന്നെ കിണർ റെഡി. കിണറിന്‍റെ ഉറപ്പു വർധിപ്പിക്കുന്നതിന് പുഴയോരത്ത് നിന്ന് ശേഖരിച്ച ഉരുളൻ കല്ലുകളടക്കം ഉപയോഗിച്ച് നാരായണൻ തന്നെ ഉൾഭാഗം കെട്ടി. വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതിനാൽ കിണറിന് ചുറ്റും സുരക്ഷ വേലിയൊരുക്കണം.
അവിടെയും നാരയണന് വ്യത്യസ്ത വഴികളുണ്ടായിരുന്നു. പുഴയോരത്തെ ഓട വെട്ടി അവ പൊളിച്ച് മെടഞ്ഞ് ഭംഗിയുള്ള സുരക്ഷ വേലിയും നിർമ്മിച്ചു. ഇതോടെ ശുദ്ധജലമുള്ള ആരെയും കൊതിപ്പിക്കുന്ന കിണർ പൂർത്തിയായി. നാരായണനും മകളും ചേർന്ന് കുത്തിയ ഈ കിണറാണിപ്പോൾ ഇവിടെയുള്ള കുടുംബങ്ങളുടെ ആശ്വാസം. വേനലിലും വറ്റാത്ത കിണറാണിതെന്ന് നാരായാണൻ പറയുന്നു.