
മാന്നാർ: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദിച്ച കേസിൽ രണ്ട് പേരെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ (അമ്പാടി) ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43) ക്കാണ് മർദ്ദനമേറ്റത്. പ്രതികൾ സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാകുന്നത് കണ്ട് തടസം പിടിക്കാൻ ചെന്ന സുജയെ വടി കൊണ്ട് അടിക്കുകയും മർദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നവംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പൊലിസ് പറഞ്ഞു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ബിജുക്കുട്ടൻ, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമ സമൂഹ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി എന്നതാണ്. ഇരവുകാടൻ ഒറ്റക്കണ്ടത്തിൽ റഫീക്ക് (18), ഹൗസിങ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിലെ നിലവിളക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്തത് ആലപ്പുഴ സൗത്ത് പൊലീസാണ്. 10. 4 കിലോ തൂക്കംവരുന്ന ഓട്ടുവിളക്കാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സമാന കുറ്റകൃത്യങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു.