
കോട്ടയം: കോട്ടയത്തെ കൂരോപ്പടയിൽ കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറ്റപ്പുറത്ത് വീട്ടിൽ തോമസ് എബ്രഹമാണ് ഇന്ന് പുലർച്ചെ മരിച്ചത്. തോമസിൻ്റെ ഭാര്യ ജോസ്ന, മകൾ മരിയ തെരേസ എന്നിവർ ഞായറാഴ്ച മരണപ്പെട്ടിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
മണ്ണൂർപള്ളി - പൂവത്തിളപ്പ് റോഡിലെ മറ്റപ്പള്ളി ജങ്ഷനിൽ പ്രധാന റോഡിനോട് ചേർന്ന വീട്ടിൽവെച്ചാണ് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജൂലൈ 13നായിരുന്നു സംഭവം. ജോസ്നയുടെ സഹോദരൻ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവർ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കുടുംബത്തിൻ്റെ സാമ്പത്തിക ഇടപാടുകളും ബാധ്യതകളും സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ജോസ്ന സ്വകാര്യമായി ചിട്ടി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ചില ബാധ്യതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ജോസ്ന. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam