ധവള വിപ്ലവത്തിന്‍റെ നായകന് ആദരം ; ‍ഡോ വര്‍ഗീസ് കുര്യന് ജന്മനാട്ടിൽ സ്മാരകം

By Web TeamFirst Published Feb 17, 2019, 12:13 PM IST
Highlights

രാജ്യത്തെ ധവള വിപ്ലവത്തിലേക്ക് നയിച്ച ദീർഘ ദർശിയായ സംരംഭകന് സ്വന്തം ജില്ലയായ തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സർവ്വകലാശാലയിലാണ് സ്മാരകമുയരുന്നത്. 
 

തൃശൂർ: ധവള വിപ്ലവത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യൻ ക്ഷീരമേഖലയില്‍ നൽകിയ സംഭാവനകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വര്‍ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻറ് ഫുഡ് ടെക്നോളജി ഇന്ന് പ്രവർത്തനം ആരംഭിക്കും. രാജ്യത്തെ ധവള വിപ്ലവത്തിലേക്ക് നയിച്ച ദീർഘ ദർശിയായ സംരംഭകന്‍റെ ഓർമ്മയ്ക്കായി തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സർവ്വകലാശാലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നി‍ർമ്മിച്ചിരിക്കുന്നത്. 

ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയ്ക്ക് തുടക്കം കുറിച്ച മലയാളിയായ വര്‍ഗീസ് കുര്യന്‍റെ ഓർമ്മയ്ക്കായി ഇതുവരെ സംസ്ഥാനത്ത് ഒരു സ്മാരകം പോലും ഉണ്ടായിരുന്നില്ല. എന്നാൽ പത്മ പുരസ്കാരമടക്കം നൽകി രാജ്യം ആദരിച്ച വർഗീസ് കുര്യന് അർഹമായ ആദരമൊരുക്കിയാണ് വര്‍ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻറ് ഫുഡ് ടെക്നോളജി പ്രവർത്തനം ആരംഭിക്കുന്നത്.   

കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ നിന്ന് ലഭ്യമായ 24 കോടി രൂപ ചെലവഴിച്ചാണ് വര്‍ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഡയറി ആൻറ് ഫുഡ് ടെക്നോളജി പൂര്‍ത്തീകരിച്ചത്. ഏകദേശം ഒരു ലക്ഷം ചതുശ്രയടി അടി വിസ്തീര്‍ണമുളള കെട്ടിട സമുച്ചയത്തില്‍ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് പ്രധാനമായും നടത്തുക.

കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന മാത്യകയിലാണ്  ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറികള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാൽ സംസ്കരണത്തിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഫുഡ് ആന്‍റ് സയൻസ് ടെക്നോളജിയിലെ ഗവേഷണ-അധ്യാപന പരിപാടികളും വര്‍ഗീസ് കുര്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡയറി ആൻറ് ഫുഡ് ടെക്നോളജിൽ  തുടങ്ങും. 


 

click me!