
തൃശ്ശൂർ: ഫിറ്റ്‌നസ് ഇല്ലാത്ത ഗുഡ്‌സ് വാഹനത്തിൽ ഫൈബർ വള്ളം അശാസ്ത്രീയമായി കെട്ടിവെച്ച് കൊണ്ടുപോവുകയായിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ശക്തൻ നഗർ പരിസരത്ത് വെച്ചാണ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചത്. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനും, തിരക്ക് പിടിച്ച റോഡിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ചരക്ക് വള്ളം കയറ്റിയതിനുമാണ് നിയമനടപടി സ്വീകരിച്ചത്. സുരക്ഷിതമായ രീതിയിൽ കൊണ്ടുപോകുന്നതിനായി, ക്രെയിൻ ഉപയോഗിച്ച് ഫൈബർ വള്ളം വലിയ ലോറിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.