'കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതം', 20 ന് തന്നെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി

Published : Jun 21, 2025, 06:46 PM ISTUpdated : Jun 21, 2025, 06:54 PM IST
Monthly Pension

Synopsis

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 825.71 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മിക്കവർക്കും പെൻഷൻ ലഭിച്ചുവെന്നും മന്ത്രി. 

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ (ജൂൺ 20) അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും. ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. വസ്‌തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ്‌ പ്രസ്‌താവന നടത്തിയിട്ടുള്ളത്‌. ഈ അവാസ്‌തവ പ്രസ്‌താവന തള്ളിക്കളയണമെന്ന്‌ ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഏതാണ്ട്‌ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്‌. ഇത്‌ ദിവസങ്ങൾ എടുത്താണ്‌ പൂർത്തീകരിക്കുന്നത്‌. എല്ലാ മാസവും 1 മുതൽ 15 ഗുണഭോക്താക്കൾക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാൻ അവസരമുണ്ട്‌. ഇത്തരത്തിൽ മസ്‌റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ്‌ 15നുശേഷം അതാത്‌ മാസത്തെ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത്‌. തുടർന്ന്‌ പഞ്ചായത്ത്‌ ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തുക അനുവദിച്ച്‌ ഉത്തരവിറക്കുന്നതും തുക കൈമാറുന്നതുമെന്നും മന്ത്രി പ്രതികരിച്ചു.

സാമൂഹ്യസുരക്ഷാ പെൻഷനിൽ പകുതിയോളം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പെൻഷൻ തുക ക്രെഡിറ്റ്‌ ചെയ്യും. വീട്ടിൽ പണം എത്തിക്കുന്നവരുടെ തുക ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് കൈമാറും. അവർ ഏതു സഹകരണ സ്ഥാപനം വഴിയാണോ പെൻഷൻ കൊടുക്കുന്നത് ആ സഹകരണ ബാങ്കിന് കൈമാറും. ബന്ധപ്പെട്ട സഹകരണ ബാങ്ക്‌ സെക്രട്ടറി ഓരോ വാർഡിലും വിതരണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ലിസ്റ്റും പണവും കൈമാറും. അദ്ദേഹം തുക വിതരണം ചെയ്തു റിപ്പോർട്ട് ചെയ്യും. ക്ഷേമ നിധി ബോർഡുകൾക്കുള്ള പണം ബന്ധപ്പെട്ട ബോർഡിന് കൈമാറും. അതാത്‌ ബോർഡാണ്‌ തുക വിതരണം ചെയ്യുന്നത്‌. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി എല്ലാവർക്കും പെൻഷൻ എത്തിക്കാൻ ഒറ്റ ദിവസത്തിൽ കഴിയില്ല. ഈ നടപടിക്രമത്തിൽതന്നെയാണ്‌ എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം