
മലപ്പുറം: കൊണ്ടോട്ടിയിൽ വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സമാന രീതിയിൽ രണ്ട് സംഭവങ്ങളിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി തുറക്കൽ മംഗലത്ത് നവാസിന്റെ വീട്ടിലും ബുധനാഴ്ച അർധ രാത്രിക്ക് ശേഷം കോടങ്ങാട് ആലുങ്ങൽതൊടി ഹനീഫയുടെ വീട്ടിലുമാണ് മോഷണമുണ്ടായത്. കോടങ്ങാട് സ്വദേശി ഹനീഫയുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണാഭരണവും പണവും നഷ്ടമായി. വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ തുറക്കലിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടിരുന്നില്ല.
ഇരു വീടുകളിലും മുൻ വശത്തെ വാതിലിനോട് ചേർന്നുള്ള ജനലിന്റെ കുറ്റിയിടുന്ന ഭാഗം ഡ്രിൽ ചെയ്ത് തകർത്ത് ഉള്ളിലേക്ക് കൈകടത്തി വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തുറക്കൽ മംഗലത്ത് നവാസിന്റെ വീട്ടിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇതേ രീതിയിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ അറിയിച്ചു. മഴക്കാലത്ത് മോഷ്ടാക്കളുടെ ശല്യം കൂടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.