
കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് വൈകിട്ട് അഞ്ചരയോടെ തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ഇപ്പോഴും തീ അണിക്കാൻ ശ്രമം തുടരുകയാണ്.
ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തുണികളിലേക്ക് പടർന്നതോടെ തീ ആളിക്കത്തി. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടർന്നു. ബസ് സ്റ്റാന്റിന്റെ ഉൾവശത്തേക്കും തീ പടരുന്നുണ്ട്. തീ പടർന്ന ഉടനെ തന്നെ ആളുകളെ മാറ്റിയതിനാൽ ആളപായമുണ്ടായില്ല. സ്റ്റാന്റിലെ മുഴുവൻ ബസുകളും മാറ്റി.
ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇപ്പോഴും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.