കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ നിയമം ലംഘിച്ചെത്തിയ യുവാവിനോട് ബൈക്ക് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ അജ്മൽ വാഹനം നിർത്താതെ പൊലീസുകാരന്റെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റി എന്നാണ് കേസ്.

കാസർകോട്: നിയമം തെറ്റിച്ചെത്തിയ വാഹനം കൈ കാണിച്ചു സിഗ്നൽ നൽകിയപ്പോൾ പൊലീസുകാരനെ ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവ് ശിക്ഷ. ഏരിയാൽ സ്വദേശി ബീരാൻ അജ്മൽ അമാനെ ആണ് കോടതി 2.5 വർഷം തടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവുമാണ് ശിക്ഷ. 2020 മെയ് അഞ്ചിനാണ് കേസിനു ആസ്പദമായ സംഭവം. മധുർ എസ് പി നഗറിൽ പൊലീസ് ഉദ്യോഗസ്ഥർ ആയ അബ്ദുൽ വഹാബ്, സനൂപ് എന്നിവർ കോവിഡ് കണ്ടൈൻമെന്റ് സോണിൽ ഡ്യൂട്ടി ചെയ്തുവരവേയാണ് യുവാവ് വാഹനം നി‍ർത്താതെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ടത്.

ഉളിയത്തടുക ഭാഗത്തുനിന്നും വന്ന ബീരാൻ അജ്മൽ അമാൻ ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് മാസ്ക് ധരിക്കാതെ നിയമം ലംഘിച്ചെത്തിയ യുവാവിനോട് ബൈക്ക് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രതി അജ്മൽ വാഹനം നിർത്താതെ പൊലീസുകാരനായ സനൂപിന്റെ ദേഹത്തേക്ക് KL-14-V-7039 നമ്പർ മോട്ടോർ സൈക്കിൾ ഓടിച്ചു കയറ്റി എന്നാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും സനൂപ് റോഡിൽ തെറിച്ചു വീണതിൽ മർമ്മസ്ഥാനത് കൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്നത് കാണിച്ചാണ് വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കാസർകോട് അസ്സിസ്റ്റന്റ് സെഷൻസ് ജഡ്‌ജ്‌ പ്രിയ സെക്ഷൻ 353 ഐ പി സി പ്രകാരം 6 മാസം തടവും, സെക്ഷൻ 333 ഐപിസി പ്രകാരം 2 വർഷം തടവും 50,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും വിധിച്ചു. അന്നത്തെ വിദ്യനഗർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വിപിൻ യു പി അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് വേണുഗോപാലൻ,അഡ്വക്കേറ്റ് അഞ്ജലി എന്നിവർ ഹാജരായി.