ചെങ്ങന്നൂരില്‍ വീടിന് തീ പിടിച്ചു, 15 ലക്ഷത്തിന്റെ നാശനഷ്ടം; കുടുംബം പെരുവഴിയില്‍

By Web TeamFirst Published Mar 16, 2020, 10:06 PM IST
Highlights

വീട്ടുപകരണങ്ങൾ, മകളുടെ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, തുടങ്ങി വിലപ്പെട്ട രേഖകൾ അടക്കം സകലതും കത്തിച്ചാമ്പലായി. 

ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍  വീടിന് തീപിടിച്ച് വീടും ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. കാരയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കനാൽ റോഡിന് സമീപം ഉള്ള ഹരിതാ ഭവനത്തിൽ ഹരിദാസിന്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് വീടിന് തീപിടിച്ചത്. ഹരിദാസിന്റെ ഭാര്യ ഗിരിജ കാരയ്ക്കാട് മിൽമാ സൊസൈറ്റിയ്ക്ക് സമീപം തയ്യൽക്കട നടത്തിവരികയാണ്. മകൾ ഹരിത പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഈ സമയം ഇവർ മൂന്നു പേരും വീട്ടിൽ ഇല്ലായിരുന്നത് വൻ ദുരന്തം ഒഴിവായി. 

മകൾ പ്ലസ് വൺ പരീക്ഷ എഴുതാൻ പോയിരിക്കുകയായിരുന്നു. രണ്ടു മുറികളും അടുക്കളയും ഉൾപെട്ടതാണ് ഇവരുടെ വീട്. ആസ്ബറ്റോസ് ഷീറ്റാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഹരിതയുടെ എസ്. എസ്. എൽ. സി ബുക്ക് സ്കൂളിലായിരുന്നതിനാൽ അതൊഴികെ എല്ലാം നഷ്ടമായി. വീട്ടുപകരണങ്ങൾ, മകളുടെ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, തുടങ്ങി വിലപ്പെട്ട രേഖകൾ അടക്കം സകലതും കത്തിച്ചാമ്പലായി. ഹരിദാസിന് കൂലിപ്പണിയും, ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിംഗ് ജോലിയുമാണ് വീട്ടിനുള്ളിൽ റിപ്പയറിംഗിനായി കൊണ്ടുവന്ന ആംപ്ലിഫയർ, ടേബിൾഫാൻ, മിക്സി, സീലിംഗ് ഫാനുകൾ, എമർജൻസി ലൈറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി. 

ഈ സമയം അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനും തീ പിടിച്ചത് തീപിടുത്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ബാങ്ക് ലോണു വഴിയുംസർക്കാർ സഹായത്തോടും തൊട്ടടുത്തായി പുതിയ വീടിന്റെ പണി നടന്നു വരികയാണ്. അടുത്ത മാസം പാലുകാച്ചൽ ചടങ്ങ് നടത്തുവാനായി ഇലക്ട്രിക്കൽ പണിയും മറ്റും ബാക്കിയാണ്. അതിനായി വാങ്ങിയ ഫാനുകളും, നാല് കോയിൽ വയാർ, മറ്റ് ഫിറ്റിംഗ് സാധനങ്ങളും കത്തിനശിച്ചു. ചെങ്ങന്നൂരിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 20 ഓളം ഫയർ സംഘം രണ്ട് മണിക്കൂറത്തെ പരിശ്രമഫലമായി ആണ് തീ അണച്ചത്. 15 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോട്ട് സർക്യൂട്ടാകാം തീപിടുത്തകാരണമെന്ന് കരുതുന്നതായി ഫയർഫോഴ്സ് പറഞ്ഞു. 

click me!