
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പൊലീസ് പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന്‍ നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണിൽ പൊലീസ് എത്തി പരിശോധന നടത്തിയത്. പരിശോധനയിൽ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങൾ കണ്ടെത്തി.
വലിയ അളവിൽ ഉള്ള പടക്ക ശേഖരം ആയതിനാൽ ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 8 മണി വരെ നീണ്ടു. കോയമ്പത്തൂർ സ്വദേശിയായ ഒരാൾ നോവ ഏജൻസി എന്ന പേരിൽ നടത്തുന്ന പാർസൽ ഓഫീസിൽ നിന്നാണ് പടക്കം കണ്ടെത്തിയത്. നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കങ്ങൾ ആണ് ഇവയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ലൈസൻസ് ഇല്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബോംബ് സ്ക്വാഡും പരിശോധനയുടെ ഭാഗമായി. സി പി ഓ എൻ.പി. അജയൻ, എം. വിജേഷ്, മുഹമ്മദ് സക്കറിയ, വനിതാ സിപിഒ എംകെ ബിനില എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam