ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു, തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന; ഒടുവില്‍ ആശ്വാസം

Published : May 29, 2023, 12:28 PM IST
ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു, തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന; ഒടുവില്‍ ആശ്വാസം

Synopsis

ഫയർഫോഴ്‌സ് സംഘമെത്തിയതോടെ ആരോ വെള്ളത്തിൽ പോയെന്ന് കരുതി നാട്ടുകാരും കുളത്തിന് ചുറ്റും കൂടി. പിന്നീടാണ് തെരച്ചില്‍ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ നാട്ടുകാരുടെ ആശങ്ക കൌതുകമായി.

അങ്ങാടിപ്പുറം: ഫോൺ കുളത്തിൽ വീണാൽ എന്തുചെയ്യും...? അതും നല്ല വിലപിടിപ്പുള്ള ഐ ഫോൺ ആയാലോ..? സംഗതി ആകെ കുഴയും. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോൺ വീണത്. ഒരു ലക്ഷത്തോളം രൂപയുള്ള ഫോണായതിനാൽ ശരത്തും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഏറെ നേരം കുളത്തില്‍ തെരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല. 

ഇതോടെയാണ് യുവാവ് പെരിന്തൽമണ്ണ യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. എന്നാല്‍ ഫയർഫോഴ്‌സ് സംഘമെത്തിയതോടെ ആരോ വെള്ളത്തിൽ പോയെന്ന് കരുതി നാട്ടുകാരും കുളത്തിന് ചുറ്റും കൂടി. പിന്നീടാണ് തെരച്ചില്‍ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഇതോടെ നാട്ടുകാരുടെ ആശങ്ക കൌതുകമായി. എട്ട് മീറ്ററോളം ആഴമുള്ള കുളത്തിന്റെ അടിഭാഗത്ത് ചളി നിറഞ്ഞ നിലയിലാണുള്ളത്. 

സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ കണ്ടെത്തിയത്. പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോൺ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം. ഫോൺ കിട്ടിയ ശരത്ത് അഗ്നിരക്ഷാ സേനയോട് നന്ദി പറഞ്ഞു. 'രക്ഷാപ്രവർത്തനത്തിൽ' ഓഫീസർമാരായ അഷ്‌റഫുദ്ദീൻ, പി മുരളി എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം ജലസംഭരണിയില്‍ വീണ ഐ ഫോണ്‍ കണ്ടെത്താനായി 21 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷനിലായിരുന്നു. ഛത്തീസ്ഗഡ്ഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടിയുണ്ടായത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി. അവധിക്കാലം  ആഘോഷിക്കാൻ രാജേഷ് വിശ്വാസ് ഖേർകട്ട അണക്കെട്ട് പരിസരത്ത് എത്തിയപ്പോഴായിരുന്നു ഐഫോണ്‍ ജല സംഭരണിയില്‍ വീണത്. 

ഐ ഫോൺ ജലസംഭരണിയിൽ വീണു, തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു, ഉദ്യോഗസ്ഥന് സസ്പെൻഷൻ

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍