പക്രംതളം ചുരത്തിന് മുകളില്‍വച്ച് കത്തിനശിച്ച വാഹനങ്ങൾ ഇതുവരെ മാറ്റിയില്ലെന്ന് പരാതി

By Web TeamFirst Published Jan 3, 2022, 12:35 AM IST
Highlights

തൊട്ടിൽപാലം - വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ ഡിസംബര്‍ 24നാണ് ടെമ്പോ ട്രാവലറിൽ തീപിടിത്തം ഉണ്ടായത്. 

കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരത്തിന് മുകളില്‍വച്ച് കത്തിനശിച്ച വാഹനങ്ങൾ ഇതുവരെ മാറ്റിയില്ലെന്ന് പരാതി. ഒരാഴ്ച മുന്‍പ് യാത്രക്കിടെ കത്തിനശിച്ച ട്രാവലറും, നേരത്തെ കത്തിയ രണ്ട് കാറുകളും ഇപ്പോഴും റോഡരികില്‍ തന്നെയാണുള്ളത്. ഇത് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. 

തൊട്ടിൽപാലം - വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ ഡിസംബര്‍ 24നാണ് ടെമ്പോ ട്രാവലറിൽ തീപിടിത്തം ഉണ്ടായത്. പെട്ടെന്നു വണ്ടി നിറുത്തി ചാടിയിറങ്ങാനായതുകൊണ്ടു ഇരുപതിലേറെ യാത്രക്കാരും ഡ്രൈവറും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തീയണക്കാൻ നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം ഏതാണ്ടു പൂർണമായി കത്തിനശിച്ചു. ചേലക്കാട് നിന്നു ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇലക്‌ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. പക്രംതളം ചുരത്തിൽ ഡിസംബര്‍ 24 ഉച്ചയോടെയാണ് സംഭവം നടന്നത്. കൂരാച്ചുണ്ടിൽ നിന്ന് വെള്ളമുണ്ടയിലെ മരണവീട്ടിലേക്ക് തിരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ചെറിയ കുമ്പളം സ്വദേശിയുടേതാണ് വാഹനം.

ചുരം കയറ്റത്തിനിടെ ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടതോടെ തന്നെ ഡ്രൈവർ പെട്ടെന്നു വാഹനം വഴിയോരത്തേക്ക് ഒതുക്കിനിറുത്തി. യാത്രക്കാർ ഇറങ്ങിത്തീരുമ്പോഴേക്കും മുൻവശത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഏതാണ്ട് 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു. ചുരം റോഡിൽ രണ്ടു മാസത്തിനിടെ പത്താംവളവിലും പക്രംതളം പാലത്തിനടുത്ത് വച്ചുമായി രണ്ടു വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു.

click me!