
തൃശൂർ: തെങ്ങിൻ മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ്. തൃശൂർ മതിലകത്ത് ആണ് തെങ്ങിൻ മുകളിൽ അകപ്പെട്ട പൂച്ചയെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കിയത്. മുന്‍ മെമ്പർ ഹസീന ഫത്താഹിൻ്റെ വീട്ടിലെ വളര്‍ത്തുപൂച്ചയാണ് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറിയത്. നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോൾ പൂച്ച പ്രാണരക്ഷാര്‍ത്ഥം ഓടി തെങ്ങില്‍ കയറുകയായിരുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും പൂച്ചയ്ക്ക് താഴിയിറങ്ങാൻ കഴിയാതായതോടെ വീട്ടുകാർ ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ കൊടുങ്ങല്ലൂർ ഫയർ ഫോഴ്സിൻ്റെ സഹായത്താൽ വീട്ടുടമ ഫത്താഹ് തന്നെയാണ് തെങ്ങിന് മുകളിൽ കയറി പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയത്.