
ആലപ്പുഴ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ(22), കാസർകോട് കാസൂർകോട്ട താലൂക്കിൽ ആതുർ കുസാർ പോക്കറടുക്ക വീട്ടിൽ അബു താഹിദ്(28) എന്നിവരെ അറസ്റ്റുചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജെ റോയിയുടെ നേതൃത്വത്തിൽ പട്ടണക്കാടുഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയകരമായ സാഹചര്യത്തിൽക്കണ്ട അനന്തകൃഷ്ണനെ ചോദ്യംചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തതോടെ 50ഗ്രാം കഞ്ചാവ് പിടികൂടി. ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചതോടെ ഇടപ്പള്ളിയിലുള്ള ആളാണ് നൽകിയതെന്ന് വിവരംലഭിച്ചു.
തുടർന്ന് ഇയാളുമായി ഇടപ്പള്ളിയിലെത്തി അബു താഹിദിന്റെ താമസസ്ഥലമായ ഫ്ളാറ്റിൽനടത്തിയ പരിശോധനയിലാണ് 150കിലോ നിരോധിത പുകയില ഉത്‌പന്നങ്ങൾ കണ്ടെടുത്തത്. ഇത് മുറിക്കുള്ളിൽ കൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ പരിശോധിച്ചതോടെ 1.525 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാറിന്റെ കാർപ്പറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.
ഈ കാർ കസ്റ്റഡിയിലെടുത്തു. ഒറീസയിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്ക് കഞ്ചാവ് കൈമാറിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. കഞ്ചാവിന് പത്തുലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചേർത്തല കോടതിയിൽ ഹാജരാക്കിയ അബു താഹിറിനെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, ഡി മായാജി, ഷിബു പി ബഞ്ചമിൻ, സിഇഒമാരായ വികാസ്, ബിയാസ്, ഡ്രൈവർ സന്തോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പിടിയിലായ അനന്തകൃഷ്ണൻ , അബു താഹിദ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam