ബ്ലോക്കും മോശം റോഡും വില്ലനായി, കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ ആദ്യദിന സര്‍വ്വീസില്‍ കല്ലുകടി

By Web TeamFirst Published Feb 25, 2019, 1:29 PM IST
Highlights

ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ ആവശ്യമാണ്.ആവശ്യമായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത്  സര്‍വ്വീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതായി

കൊച്ചി:  കെ എസ് ആര്‍ ടി സിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യം ദിവസം തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 3 ബസുകളില്‍  ഒരു സര്‍വ്വീസ് ചേര്‍ത്തല വച്ച് ചാര്‍ജ് തീരുകയായിരുന്നു, ശേഷിച്ച സര്‍വ്വീസുകളില്‍ ഒരെണ്ണം വൈറ്റിലയില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ ബസ്സിന് സാങ്കേതിക തകരാർ നേരിടുകയായിരുന്നു. ഇത് പരിഹരിക്കാന്‍ ടെക്നീഷ്യൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തേണ്ട അവസ്ഥയാണുള്ളത്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.

ഇലക്ട്രിക് ബസ് ഒരു തവണ ചാര്‍ജ് ചെയ്താന്‍ ഓടുന്ന പരാമവധി ദൂരം 200 മുതല്‍ 300 കിലോമീറ്റര്‍ വരെയാണ്. തിരുവനന്തപുരം എറണാകുളം റൂട്ടിലെ ദൂരം 252 കിലോമീറ്ററാണ്. എന്നാല്‍ വഴിയില്‍ ഗതാഗതക്കുരുക്കുകളാണ് ഇലക്ട്രിക് ബസുകള്‍ക്ക് കന്നിയാത്രയില്‍ വെല്ലുവിളിയായത്. ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ വൈറ്റിലയില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ബസ് ചാര്‍ജ് ചെയ്യാനായി ആലുവ ഡിപ്പോ വരെ എത്താനുള്ള ചാര്‍ജ് ബസുകള്‍ക്ക് ഇല്ലെന്നതാണ് നിലവിലെ വെല്ലുവിളി. നിലവില്‍ ഇലക്ട്രിക് ബസ് ഒതുക്കിയിട്ടിരിക്കുകയാണ്. 

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ പര്യാപതമല്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.  ആവശ്യമായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത് ആക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതായി. ഗതാഗതക്കുരുക്കുള്ള ദേശിയപാതയിലെ ജംക്‌ഷനുകൾ കടന്ന് പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്തു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്നു മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമായിട്ടാണ് സർവീസുകൾ ആരംഭിച്ചത്. 

Read more

കന്നിയാത്രയില്‍ പാതിവഴിയില്‍ കുടുങ്ങി ഇലക്ട്രിക് ബസ്: ചതിച്ചത് ട്രാഫിക് ബ്ലോക്കെന്ന് കണ്ടക്ടര്‍

 

ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് പാതിവഴിയില്‍ ചാർജില്ലാതെ നിന്നു, പ്രതിഷേധവുമായി യാത്രക്കാർ

 

click me!