
മണ്ണൂത്തി: മൃഗങ്ങൾക്കായുള്ള സംസ്ഥാനത്തെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തൃശൂരിൽ പ്രവർത്തന സജ്ജമാകുന്നു. മണ്ണുത്തിയിലെ വെറ്ററിനറി കോളേജിലാണ് മൃഗങ്ങൾക്കായുള്ള അന്താരാഷ്ട്ര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നത്.
അത്യാധുനിക സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിക്കുന്നത്. മെഡിസിൻ വിഭാഗത്തിൽ ത്വക്ക് രോഗ ചികിത്സ, രക്തദാന യൂണിറ്റ്, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയവ ഉൾപ്പെടും. സർജറി വിഭാഗത്തിന് കീഴിൽ അസ്ഥി രോഗം, കണ്ണ് രോഗം തുടങ്ങിയവയുടെ ചികിത്സയാണ് പ്രധാന ആകർഷണം. തിമിര ശസ്ത്രക്രിയക്കും എല്ലൊടിഞ്ഞാൽ സ്റ്റീൽ പിടിപ്പിക്കാനും നൂതന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഗൈനക്കോളജി വിഭാഗത്തിൽ ചെറു മൃഗങ്ങൾക്കുള്ള പ്രസവവാർഡ്, പ്രസവ ശസ്ത്രക്രിയ തിയേറ്റർ,നവജാത ശിശു പരിചരണ യൂണിറ്റ്, ബീജ പരിശോധന ലാബ് എന്നിവയും ഇവിടെ തയ്യാർ.
ആകെ 25 കോടി രൂപയാണ് ആശുപത്രിക്കായി ഇതുവരെ ചെലവഴിച്ചത്. ന്യായവിലയിൽ മരുന്ന് ലഭ്യമാക്കാനായി 'കർഷക മിത്ര' എന്ന പേരിൽ മരുന്ന് കടയും ആശുപത്രിയിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനത്തിനുള്ള വൈദ്യുതിയിൽ 80 ശതമാനവും സോളാറിൽ നിന്നുമാണ് ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam