
ആലപ്പുഴ: ഹൗസ് ബോട്ടിൽ എത്തുന്നവർക്ക് രുചി വിളമ്പി കയ്യടി നേടുകയാണ് കൊല്ലം സ്വദേശി സുമ ബാല. ആലപ്പുഴയിൽ ഹൗസ് ബോട്ടിലെ ആദ്യ വനിത പ്രൊഫഷണൽ ഷെഫ് ആണ് സുമ. ജീവിതവഴികളിൽ ഒരു പാട് പ്രതിസന്ധികൾ നേരിട്ടാണ് സുമ ആലപ്പുഴയിലെ ഹൗസ് ബോട്ട് ഷെഫിലേക്ക് എത്തുന്നത്.
കൊല്ലം ചാത്തന്നൂർ സ്വദേശി സുമ ബാല. വിവാഹശേഷം ഭർത്താവിനൊപ്പം താമസം ബംഗലൂരുവിലേക്ക് പറിച്ചു നട്ടു. ടിടിസി പാസായതിനാൽ ആദ്യം അധ്യാപികയായി. എന്നാൽ തന്‍റെ വഴി പാചകമാണെന്ന് തിരിച്ചറിഞ്ഞതോടെ കളിനറി കോഴ്സ് പഠിച്ചു. കുടുംബ ജീവിതം താളം തെറ്റിയതോടെയാണ് സുഹൃത്തിനൊപ്പം സ്വയം സംരംഭം എന്ന ആലോചനയിലേക്ക് എത്തിയത്. ബംഗലൂരുവിലെ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷണം ഒരുക്കിയായിരുന്നു തുടക്കം.
"ആ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ കയ്യിൽ പണമില്ലായിരുന്നു. ഗുരുവായൂർ പോകാനായി കുറേ ചില്ലറ സ്ഥിരമായി വയ്ക്കാറുണ്ട്. ആ കുടുക്ക പൊട്ടിച്ചാണ് അപ്പവും കടലക്കറിയും ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങിയത്"- സുമ പറഞ്ഞു.
2014 തൊട്ട് തുടങ്ങിയതാണ്. പത്ത് വർഷത്തെ കഠിന യാത്ര. അങ്ങനെ പരീക്ഷണ വഴികൾ ഒരുപാട് താണ്ടി. സുഹൃത്തുക്കളുടെ ചടങ്ങുകളിൽ സുമ - നിഷ കൂട്ടുകെട്ടിന്റെ വിഭവങ്ങൾ ഹിറ്റായതോടെ പച്ച പിടിച്ചു. സുമ പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തി മൂന്നാറിലെ ഹോട്ടലുകളിൽ ഷെഫ് ആയി. നാട്ടിലെ സുഹൃത്ത് വഴിയാണ് മുഹമ്മയിലെ ഹൗസ് ബോട്ടിൽ ഷെഫ് ആകുന്നത്.
സുമയുടെ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും കയ്യടി നേടി. ഹൗസ് ബോട്ടിലെത്തുന്ന പ്രമുഖരുടെ പ്രശംസ പിടിച്ചു പറ്റിയതോടെ സുമ ചർച്ചകളിൽ നിറഞ്ഞു. ഒറ്റയ്ക്ക് ആയതിന്റെ വേദനയിൽ തളരാതെ സ്വന്തം കഴിവിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് ഈ ഷെഫ്.