
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഒന്നാംഘട്ടം ഈ ഡിസംബറിൽ പൂർത്തിയാകും. അടുത്തവർഷം മെയിൽ പാത പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്നാണ് ദേശീയപാത അതോറിട്ടിയുടെ കണക്കുകൂട്ടൽ.
43 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് ദേശീയപാത അതോറിട്ടിയുടെ കീഴിൽ കഴക്കൂട്ടം-കാരോട് പാതയൊരുങ്ങുന്നത്. കഴക്കൂട്ടം മുതൽ മുക്കോല വരെയുളള 26.5 കിലോമീറ്റർ പാതയുടെ 90 ശതമാനവും പൂർത്തിയായി കഴിഞ്ഞു.
ചാക്ക മേൽപ്പാലത്തിന്റ ചില ഭാഗങ്ങളാണ് ഇനി നിർമ്മാണം പൂർത്തിയാകാനുളളത്. മുക്കോല മുതൽ കാരോട് വരെ ബാക്കിയുളള 16 കി.മി പാത അടുത്ത വർഷം മെയിൽ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായുളള കഴക്കൂട്ടം മേൽപ്പാല നിർമ്മാണം 2021 ഏപ്രിലിലേ പൂർത്തിയാകൂ. 2.72 കിലോമീറ്ററാണ് മേൽപ്പാലത്തിന്റെ നീളം.
തിരുവനന്തപുരത്തെ ഏറ്റവും വലിയ മേൽപ്പാലമാണ് കഴക്കൂട്ടത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. മേൽപ്പാലം പൂർത്തിയാകുന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കഴക്കൂട്ടം മുതൽ മുക്കോല വരെ 700 കോടിയും മുക്കോല മുതൽ കാരോട് വരെ 494 കോടിയുമാണ് നിർമ്മാണ ചെലവ്. പാത പൂർത്തിയാകുന്നതോടെ കരമന കളിയിക്കാവിള പാത വഴിയുളള ഗതാഗതക്കുരുക്കും കുറയുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam