
കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയില്‍ കുടുങ്ങിയ 1175 അതിഥി തൊഴിലാളികള്‍ സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാത്രി 7.30നായിരുന്നു ജില്ലയിലെ ആദ്യസംഘം യാത്രയായത്. കൊവിഡ് ഭീതിയില്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയത്.
സംഘത്തിൽ അഞ്ച് കുട്ടികളുമുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് താലൂക്കില്‍ നിന്ന് 962 പേരും കൊയിലാണ്ടി താലൂക്കില്‍ നിന്ന് 213 പേരുമാണ് ആദ്യസംഘത്തിലുള്ളത്. ട്രെയിനില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും.
ക്യാംപുകളില്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ ശേഷമാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നത്, രോഗലക്ഷണമുള്ളവരെ അയക്കില്ല. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും നല്‍കിയാണ് ജില്ലാ ഭരണകൂടം യാത്രയാക്കിയത്. ശാരീരിക അകലം പാലിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ വരും ദിവസങ്ങളില്‍ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും.
മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എകെ ശശീന്ദ്രൻ, എംകെ രാഘവൻ എംപി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎൽ.എമാരായ എ പ്രദീപ് കുമാർ, എംകെ മുനീർ, ജില്ലാ കലക്ടർ സാംബശിവ റാവു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അതിഥി തൊഴിലാളികള യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam