
തിരുവനന്തപുരം: കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന നോട്ട് നൽകി മീൻ വാങ്ങിയ യുവാവിനെ മീൻ വിൽപ്പനക്കാർ തടഞ്ഞു വച്ച് പോലീസിന് കൈമാറി. തിരുവനന്തപുരം നരുവാമ്മൂട് പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള അരിക്കട മുക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ ആയിരുന്നു സംഭവം. മത്സ്യ തൊഴിലാളിയായ പൂവാർ സ്വദേശിനി സെറാഫി നൽകിയ പരാതിയിൽ വിളവൂർക്കൽ പെരുകാവ് തൈവിള വീട്ടിൽ ചന്തു എന്ന വിപിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തമനം ത്രിവിക്രമ ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ അഞ്ഞൂറ് രൂപ നൽകി 300 രൂപക്ക് മീൻ വാങ്ങുകയായിരുന്നു. നോട്ടിൽ സംശയം തോന്നിയ മത്സ്യ തൊഴിലാളി 300 രൂപ ചില്ലറ നൽകാൻ ആവശ്യപ്പെട്ടു. എന്നാല് 300 രൂപ ഇല്ലെന്നും 200 രൂപയെ ഉള്ളൂ എന്നും പറഞ്ഞു. 200 രൂപയ്ക്ക് മതി മീനെന്ന് പറഞ്ഞ് 500 രൂപ തിരികെ വാങ്ങി 200 രൂപ നൽകി.
സംശയം തോന്നിയ മത്സ്യ തൊഴിലാളി മറ്റു ആളുകളോട് പറഞ്ഞ് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഓൺലൈൻ നിന്നും കുട്ടികൾക്ക് കളിക്കാനായി വാങ്ങുന്ന നോട്ടാണ് ഇയാള് മത്സ്യം വങ്ങായി ഉപയോഗിച്ചതെന്നും കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നും പൊലീസ് പറഞ്ഞു. കള്ളനോട്ട് ക്രയവിക്രയം ചെയ്യുന്നതിന് സമാനമാണ് ഇത്തരം നോട്ട് കൊണ്ടുള്ള ഇടപാട് എന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നരുവമ്മൂട് സബ് ഇൻസ്പെക്ടർ വിൻസെന്റിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam