
ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തത്തില്‍ സര്‍ക്കാരിന് ഒപ്പം നിന്ന് മത്സ്യത്തൊഴിലാളികളും. ദുരന്തമുഖങ്ങളില്‍ ഇപ്പോള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നത് ഇവരാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ളവര്‍ ഒരേമനസോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. എണ്‍പതോളം മത്സ്യബന്ധന ബോട്ടുകളിലായി നാനൂറോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
ദുരന്തം ഉണ്ടായതു മുതല്‍ ജില്ല ഭരണകൂടത്തിന്റെ ആവശ്യം വന്നതോടെ ചെത്തി, പുന്നപ്ര എന്നിവടങ്ങളില്‍ കയ്യിലുണ്ടായിരുന്ന ബോട്ടുകളുമായി സംഘടനകളും മതസ്ഥാപനങ്ങളും മുന്നോട്ടുവരികയായിരുന്നു. ഇതിനിടെ അഗ്‌നിരക്ഷ സേനയും അഞ്ചോളം വള്ളങ്ങള്‍ ദുരന്തമുഖത്തേക്ക് അയച്ചു. വലിയ വള്ളങ്ങള്‍ പോകുതിനേക്കാള്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നതിനാല്‍ ആദ്യ ദിവസം തന്നെ ഇവരുടെ സേവനം അവശ്യമായി മാറി. ചെറുവള്ളങ്ങള്‍ ലോറികളില്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും മുഴുവന്‍ സമയവും ജനങ്ങളെ രക്ഷിക്കാന്‍ രംഗത്തുള്ളത്.
ദേശീയ ദുരന്ത പ്രതികരണ സേന പകച്ചുനിന്നയിടത്തുപോലും മറ്റൊരു സുരക്ഷമുമൊരുക്കവുമില്ലാതെ അക്ഷീണപ്രയത്‌നമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്. ഇവരുടെ പരിചയ സമ്പത്ത് ദുരന്തലഘൂകരണത്തില്‍ വലിയൊരളവോളം ഗുണം ചെയ്തു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം ഏറെ ഗുണമായി. കഴിഞ്ഞ മൂന്നു ദിവസമായി ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നു. വളരെ ഒഴുക്കുള്ള പ്രദേശങ്ങളില്‍ പോലും ഇവരുടെ പ്രവര്‍ത്തനം വളരെ സഹായകമായി. സ്വന്തം ചെലവില്‍ ഇന്ധനം നിറച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.
രക്ഷാപ്രവര്‍ത്തനത്തിനൊപ്പം കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ക്യാമ്പുകളില്‍ എത്തിക്കുതിനും ഇവര്‍ മുന്നില്‍ നില്‍ക്കുന്നു. മന്ത്രി ജി.സുധാകരന്‍ അവലോകനയോഗത്തില്‍ ഇവരുടെ പ്രവര്‍ത്തനം എടുത്തുപറയുകയും ചെയ്തു. കളക്ട്രേറ്റിലെത്തി രജിസ്റ്റര്‍ ചെയ്തിട്ടാണ് കുറേ വള്ളങ്ങള്‍ പോയത്.എന്നാല്‍ ഇതല്ലാതെ പലഭാഗങ്ങളില്‍ നിന്നും സ്വമേധയാ പ്രവര്‍ത്തനത്തിനെത്തിയവരുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam