എഞ്ചിന്‍ തകരാര്‍ മൂലം കടലില്‍ കുടുങ്ങി, കൊല്ലത്തുനിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

By Web TeamFirst Published Sep 7, 2020, 4:53 PM IST
Highlights

കൊല്ലം അഴീക്കല്‍നിന്ന് കടലില്‍പ്പോയ പമ്പാവാസന്‍ എന്ന ബോട്ടിലെ ആറ് തൊഴിലാളികളെയാണ് എസ്.ഗോവിന്ദ് എന്ന ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. 

ആലപ്പുഴ: എഞ്ചിന്‍ തകരാറുമൂലം, പ്രക്ഷുബ്ധമായ കടലില്‍ അകപ്പെട്ട ബോട്ടിലെ മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കൊല്ലം അഴീക്കല്‍നിന്ന് കടലില്‍പ്പോയ പമ്പാവാസന്‍ എന്ന ബോട്ടിലെ ആറ് തൊഴിലാളികളെയാണ് എസ്.ഗോവിന്ദ് എന്ന ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. 

സുബ്രഹ്മണ്യന്‍ (60), കമലാകൃഷ്ണന്‍ (48), അപ്പു (54), രാജേഷ് (38), ജയലാല്‍ (39), ഉദയന്‍ (55), എന്നിവരാണ് കുടുങ്ങിയ ബോട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആറാട്ടുപുഴ കള്ളിക്കാട് തീരത്തിന് പടിഞ്ഞാറുവെച്ചാണ് എന്‍ജിന്‍ തകരാറിലാകുന്നത്. അഴീക്കലിലെ കണ്‍ട്രേള്‍ റൂമില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും ബോട്ടുകള്‍ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. 

ഇതിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനായി തോട്ടപ്പള്ളി തീരദേശപൊലീസും കള്ളിക്കാട്ടെത്തിയിരുന്നു. എസ്. ഗോവിന്ദ് എന്ന ബോട്ടിലെ തൊഴിലാളികള്‍ കരയിലേക്ക് വരുന്നതിനിടെയാണ് പമ്പാവാസന്‍ എന്ന ബോട്ട് കുടുങ്ങിയത് കാണുന്നത്. ഉടന്‍തന്നെ ഇവര്‍ ബോട്ടിലേക്ക് കയറും മറ്റും ഇട്ടുകൊടുത്ത് തൊഴിലാളികളെ  സാഹസികമായി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്രാങ്ക് രാജേഷ്, ജിനു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണവും തടികൊണ്ട് നിര്‍മ്മിച്ചതായതിനാലും ബോട്ട് കടലില്‍ത്തന്നെ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നു.

click me!