
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. കുറ്റ്യാടി പാതിരപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ് (33), അരക്കിണർ ചാക്കിരിക്കാട് പറമ്പ് പുതുക്കുടൻ ഷാനിൽ (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ കോഴിക്കോട് രണ്ടാം ഗേറ്റിനടുത്തുള്ള കട കുത്തി തുറന്ന് പ്രതികള്‍ ലോട്ടറി ടിക്കറ്റുകളും പണവും, മറ്റും മോഷണം നടത്തുകയായിരുന്നു. മോഷണം നടന്ന കടയിലെ സിസി ടിവി ദ്യശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറയ്ക്കുകയും കൂളിംഗ് ഗ്ലാസ് വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയുടെ നടത്തത്തിലെ ചില രീതികൾ കണ്ട് പൊലീസിന് അൽത്താഫിനെ സംശയം തോന്നിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസ് പിടി കൂടുമ്പോൾ പ്രതികളുടെ കയ്യിൽ നിന്നും രണ്ട് എയർ പിസ്റ്റളുകൾ കണ്ടെടുത്തിരുന്നു. ഈ പിസ്റ്റളുകൾ കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള കടയിൽ നിന്നും മോഷണം നടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് കസബ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിന്റെ കൂട്ട് പ്രതിയായ അജിത്ത് വർഗീസ് എന്നയാളെ പിടി കൂടാനുണ്ട്. ഡിസിപി സുജിത്ത് ദാസ് , സൗത്ത് എ.സി.പി. എ.ജെ. ബാബു, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എ. ഉമേഷ്, എസ് ഐ മാരായ ബിജിത് .കെ.ടി. അബ്ദുൽ സലീം, എ.എസ്.ഐ മാരായ മുഹമ്മദ് സബീർ, ബാബു. ഇ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ,സജേഷ്, അനൂജ് , മുഹമ്മദ് ഷാഫി, പ്രശാന്ത് എന്നിവരാണ് മോഷണസംഘത്തെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam