
കൊച്ചി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്‍റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.
ഇന്‍റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ - പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു. ഡി വൈ എസ് പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ രാജേഷ്, എസ് ഐമാരായ എസ് എസ് ശ്രീലാൽ, പി ടി അനൂപ്, പി ജി സാബു, എ എസ് ഐ എം വി ബിനു, സീനിയർ സി പി ഒ ജയിംസ് ജോൺ, സി പി ഒമാരായ ഇ എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam